എടക്കര: രണ്ടാമത് താബോർ ബൈബിൾ കണ്വൻഷന് ചുങ്കത്തറ തലഞ്ഞി കാർമ്മൽഗിരി സ്കൂൾ ഗ്രൗണ്ടിൽ ഇന്ന് തുടക്കമാകും. കണ്‍വൻഷന്റെ ഉദ്ഘാടനം വൈകിട്ട് അഞ്ചേകാലിന് നിലന്പൂർ-മണിമൂളി മേഖലാ സിഞ്ചലൂസ് മോണ്‍.ജോസ് മേച്ചേരിൽ നിർവഹിക്കും.
തുടർന്ന് സിഞ്ചലൂസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, വചന ശുശ്രൂഷ. കണ്വൻഷൻ ദിനങ്ങളിൽ വൈകിട്ട് നാലരയ്ക്ക് ജപമാല, അഞ്ചേകാലിന് വിശുദ്ധ കുർബാന, ആറേകാലിന് ഗാനശുശ്രൂഷ, ആറരക്ക് വചന ശുശ്രൂഷ, എട്ടേമുക്കാലിന് ആരാധന, ഒൻപതിന് സമാപനാശീർവാദം .
വ്യാഴാഴ്ച മണിമൂളി ഫൊറോനാ വികാരി ഫാ.കുര്യാക്കോസ് കുന്നത്തിന്റെ മുഖ്യകാർമികത്വത്തിലും, വെള്ളിയാഴ്ച നിലന്പൂർ-എടക്കര മേഖലാ പ്രോട്ടോ വികാരി ഫാ.റോയി വലിയപറന്പിലിന്റെ നേതൃത്വത്തിലും, ശനിയാഴ്ച ഫാ.തോമസ് കച്ചിറയിലിന്റെ നേതൃത്വത്തിലും വിശുദ്ധ കുർബാന നടക്കും.
സമാപന ദിവസമായ ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് ജപമാല, അഞ്ചേകാലിന് വിശുദ്ധ കുർബാന, ആറേകാലിന് ഗാനശിശ്രൂഷ, ആറരയ്ക്ക് വചന ശുശ്രൂഷ, ഒൻപതിന് സമാപനാശിർവാദം എന്നിവ നടക്കും.
ഫാ.എബ്രഹാം കടിയക്കുഴി, ബ്രദർ.സാബു ആറാട്ടുതൊട്ടിയിൽ(കൃപാഗ്നി കാഞ്ഞിരപ്പള്ളി) എന്നിവരടങ്ങുന്ന സംഘമാണ് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന കണ്വൻഷന് നേതൃത്വം നൽകുന്നത്.
മേഖലയിലെ നാൽപ്പത്തിയഞ്ചിലധികം ഇടവകകളിൽ നിന്നുള്ള നൂറ് കണക്കിന് വിശ്വാസികൾ കണ്‍വൻഷനിൽ പങ്കെടുക്കും.
തലഞ്ഞി സെന്റ് മേരീസ് ദേവാലയ വികാരി ഫാ.സജി പുഞ്ചയിൽ, താളിപ്പാടം സെന്റ് ജോസഫ്സ് ദേവാലയ വികാരി ഫാ.മാത്യു കറുത്തേടത്ത്, പ്രോട്ടോ വികാരി ഫാ.റോയി വലിയപറന്പിൽ, ബ്രദർ ഫ്രാൻസിസ് മംഗലാമഠത്തിൽ, ടി.ജി.രാജു, സാം കോശി, ഷാജി മറ്റക്കാട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.