കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ല്‍: "ഉറപ്പ്' ഇനിയും പഠിക്കും
Tuesday, January 25, 2022 11:31 PM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: മാ​വൂ​ര്‍​റോ​ഡ് കെ​എ​സ്ആ​ര്‍​ടി​സി കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​റ​പ്പ് സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍ ഇ​നി​യും പ​ഠ​ന​ത്തി​ന്. ച​ര്‍​ച്ച​ക​ള്‍ കൊ​ഴു​ക്കു​മ്പോ​ഴും ന​ട​പ​ടി​ക​ള്‍ മെ​ല്ലെ​പ്പോ​ക്കി​ലാ​ണ്. കോ​ടി​ക​ള്‍ മു​ട​ക്കി​യ 13 നി​ല കെ​ട്ടി​ടം ഏ​ഴാം വ​ര്‍​ഷ​വും നോ​ക്കു​കു​ത്തി​യാ​യി തു​ട​രു​കയുമാണ്. ഒ​ക്ടോ​ബ​ര്‍ എ​ട്ടി​നാ​ണ് ചെ​ന്നൈ ഐ​ഐ​ടി​യി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ​ര്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഠ​ന റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട്ട​ത്.

കെ​ട്ടി​ട​ത്തി​ന് സാ​ര​മാ​യ ബ​ല​ക്ഷ​യം ഉ​ണ്ടെ​ന്നും ബ​സ് ടെർനിനൽ അ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ടി​ന്‍റെ കാ​ത​ല്‍. ആ​വ​ശ്യ​ത്തി​ന് മെ​റ്റ​ലും ക​മ്പി​യും ഉ​പ​യോ​ഗി​ക്കാ​തെ​യാ​ണ് നി​ര്‍​മാ​ണം ന​ട​ത്തി​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ബ​സു​ക​ള്‍ നി​ര​ന്ത​രം ത​ട്ടു​ന്ന​ത് കാ​ര​ണം തൂ​ണു​ക​ള്‍​ക്ക് ക​ന​ത്ത​നാ​ശം നേ​രി​ടു​ക​യാ​ണെ​ന്നും ഐ​ഐ​ടി ടീം ​വി​ല​യി​രു​ത്തി.

അ​തേ​സ​മ​യം, കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ രൂ​പ​ക​ല്‍​പ​ന​യി​ല്‍ അ​പാ​ക​ത​യി​ല്ലെ​ന്നാ​ണ് സ​ര്‍ക്കാ​ര്‍ നി​യോ​ഗി​ച്ച വി​ദ​ഗ്ധ​സ​മി​തി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ടെ​ര്‍​മി​ന​ലി​ന് ഗു​രു​ത​ര​മാ​യ ബ​ല​ക്ഷ​യം ഇ​ല്ലെ​ന്നാ​ണ് സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട്.​

ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്താ​ന്‍ വി​ദ​ഗ്ധ​സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ചെ​ന്നൈ​യി​ലെ ഐ​ഐ​ടി​യെ തന്നെ വീ​ണ്ടും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

സ​ര്‍ക്കാ​ര്‍ നി​യോ​ഗി​ച്ച വി​ദ​ഗ്ധ​സ​മി​തി​യു​ടെ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ഈ​യാ​ഴ്ച ല​ഭി​ക്കും. അ​തി​നു​ശേ​ഷം ഐ​ഐ​ടി​യു​ടെ തു​ട​ര്‍ പ​രി​ശോ​ധ​ന​യു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റ ബ​ല​ക്ഷ​യം ഗു​രു​ത​ര​മാ​ണെ​ന്ന ഐ​ഐ​ടി സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍ ക​ണ​ക്കി​ലെ​ടു​ത്ത് ബ​സ് ടെർമിനലിന്‍റെ പ്ര​വ​ര്‍​ത്ത​നം മൊ​ഫ്യൂ​സ​ല്‍ സ്റ്റാ​ന്‍റി​ലേ​ക്കോ മ​റ്റോ മാ​റ്റാ​ന്‍ ആ​ലോ​ചി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നാ​ണ് ഇ​പ്പോ​ള്‍ വ്യ​ക്ത​മാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 26നാ​ണ് കെ​ട്ടി​ട സ​മു​ച്ച​യം ക​രാ​റു​കാ​ര്‍​ക്ക് വി​ട്ടു​കൊ​ടു​ത്ത​ത്. എ​ന്നാ​ല്‍ ക​ട​മു​റി​ക​ള്‍ വാ​ട​ക​ക്കാ​ർക്ക് ന​ല്‍​കി​യി​ട്ടി​ല്ല. അ​ലി​ഫ് ബി​ല്‍​ഡേ​ഴ്‌​സ് ആ​ണ് ന​ട​ത്തി​പ്പ് ഏ​റ്റെ​ടു​ത്ത​ത്. അ​വ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി ഇ​നി​യും ജോ​ലി തു​ട​ങ്ങി​യി​ട്ടി​ല്ല. അ​തി​നി​ടെ​യാ​ണ് ബ​ല​ക്ഷ​യം സം​ബ​ന്ധി​ച്ച വി​വാ​ദം ഉ​യ​ര്‍​ന്ന​ത്. അ​തോ​ടെ ഏ​റ്റെ​ടു​ക്ക​ല്‍ പ്ര​വൃ​ത്തി നീ​ളു​ക​യാ​യി​രു​ന്നു.

ഏ​താ​യാ​ലും കെ​ട്ടി​ട​സ​മു​ച്ച​യം എ​പ്പോ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ തു​ട​ങ്ങു​മെ​ന്ന് പ​റ​യാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. 76 കോ​ടി രൂ​പ​യാ​ണ് സ​മു​ച്ച​യ​ നിർമാണ ​ ചെ​ല​വ്.