ജലബജറ്റ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ജില്ല; ജലബജറ്റിന്റെ അവസാനവട്ട പ്രവര്‍ത്തനത്തില്‍ കോഴിക്കോട്
1574081
Tuesday, July 8, 2025 7:30 AM IST
കോഴിക്കോട്: ജലബജറ്റിന്റെ അവസാനവട്ട പ്രവര്‍ത്തനത്തില്‍ കോഴിക്കോട്. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഈമാസം അവസാനത്തോടെ ജല ബജറ്റ് തയാറാക്കുന്ന പ്രക്രിയ പൂര്‍ത്തിയാകും. ഇതോടെ ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ജില്ലയായി കോഴിക്കോട് മാറും. കാസര്‍കോട് ഇതിനകം ഇത് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലും ഏഴ് മുനിസിപ്പാലിറ്റികളിലും ജലബജറ്റ് പൂര്‍ത്തിയാക്കി. ഇപ്പോള്‍ കോര്പറേഷന് പരിധിയിലാണ് സര്‍വേ നടക്കുന്നത്. ഈ മാസം അവസാനത്തോടെ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഹരിത കേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ടി. പ്രസാദ് പറഞ്ഞു.
ജലത്തിന്റെ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ജലസംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ജലബജറ്റ് നടപ്പാക്കുന്നത്. ജലസ്രോതസുകളുടെ വിവരം, ജല ലഭ്യത, കൃഷി, വ്യവസായം, മൃഗസംരക്ഷണം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ ജലത്തിന്റെ ഉപയോഗം എന്നിവയുടെ അടിസ്ഥാനത്തിലാണ് സര്‍വേ നടക്കുന്നത്.
കോഴിക്കോട് നഗരത്തില്‍ കിണറുകളും കുളങ്ങളും ഉള്‍പ്പെടെയുള്ള ജലസ്രോതസുകളുണ്ട്. ജപ്പാന്‍കുടിവെള്ള പദ്ധതി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വഴി വെള്ളം വിതരണം ചെയ്യുന്നു. ഇതെല്ലാം സര്‍വേയില്‍ പരിശോധിക്കും. ഇവിടെ ലഭിക്കുന്ന മഴയുടെ അളവും പരിശോധിക്കും. ഏത് മാസങ്ങളിലാണ് വെള്ളത്തിന്റെ ലഭ്യത കുറയുന്നത്, എപ്പോഴാണ് കൂടുതല്‍ കിട്ടുന്നത് എന്ന വിവരവും അടയാളപ്പെടുത്തും. അതുപോലെ വീടുകളിലും സ്ഥാപനങ്ങളിലും മറ്റും വെള്ളത്തിന്റെ ഉപയോഗം എത്രമാത്രം നടക്കുന്നു എന്ന കാര്യവും പരിശോധിക്കും. സര്‍വേയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയാറാക്കും. ഇതിന്റെ തുടര്‍ച്ചയായി ജലസംരക്ഷണവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കും.
കുന്ദമംഗലത്തെ ജലവിഭവ വികസന വിനിയോഗകേന്ദ്രത്തിന്റെയും (സിഡ്ബള്യുആര്ഡിഎം) ഹരിതകേരള മിഷന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സാങ്കേതിക സഹായവും റിസോഴ്സ് പേഴ്സണ്‍മാരുടെ സേവനവും ഹരിതകര്‍മസേന ലഭ്യമാക്കും. വരള്‍ച്ചയും വെള്ളപ്പൊക്കവും നേരിടാന്‍ എന്തെല്ലാം ചെയ്യണമെന്ന് ജലബജറ്റിലൂടെ വ്യക്തമാകും. ഭൂഗര്‍ഭജലത്തിന്റെ അളവ് കുറയുന്നതും ജലസംരക്ഷണം കാര്യക്ഷമമല്ലാത്തതുമാണ് പ്രശ്നമാവുന്നത്.
അതേസമയം, ജലത്തിന്റെ ഉപയോഗത്തില്‍ നിയന്ത്രണം ഉണ്ടാവുന്നില്ല എന്നതു പോരായ്മയാണ്. ഒരാള്‍ക്ക് ശരാശരി പ്രതിദിനം 135 ലിറ്റര്‍ വെള്ളം മതിയാവുമെങ്കിലും അതിന്റെ ഇരട്ടിയും അതില്‍ കൂടതലുമെല്ലാം ഉപയോഗിക്കുന്നുണ്ട്.
ഈ വിഷയങ്ങളെല്ലാം കണക്കിലെടുത്താവും ജലബജറ്റ് പദ്ധതി രൂപംകൊള്ളുക. നെല്‍വയലുകളുടെ വിസ്തൃതി കുറഞ്ഞുവന്നതോടെ വെള്ളം മണ്ണിലേക്ക് ഇറങ്ങാനുള്ള വഴി അടഞ്ഞു. മുറ്റം കോണ്‍ക്രീറ്റും ഇന്റർലോക്കുമായതോടെ അവിടെയും വെളളം മണ്ണിലേക്ക് ഇറങ്ങാതെ ഒഴുകിപോവുന്ന അവസ്ഥയായി. ഇത്തരം വിഷയങ്ങളെല്ലാം ജലബജറ്റ് ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് പി.ടി. പ്രസാദ് പറഞ്ഞു.