മലബാർ റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റുകൾക്ക് തുടക്കമായി
1573737
Monday, July 7, 2025 5:15 AM IST
തിരുവമ്പാടി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന പ്രീ ഇവന്റുകൾ ആരംഭിച്ചു. ചൂണ്ടയിടൽ മത്സരം "തിലാപ്പിയ' യുടെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു. തിരുവമ്പാടി ലെയ്ക് വ്യൂ ഫാം സ്റ്റേയിൽ നടന്ന മത്സരത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി നിരവധിയാളുകൾ പങ്കെടുത്തു.
ചൂണ്ടയിടൽ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ ആളുകളുടെ ആവേശം കണ്ട് എംഎൽഎയും ചൂണ്ടയിട്ടു. എന്നാൽ പ്രതീക്ഷിച്ച രീതിയിൽ മീൻ ലഭിച്ചില്ല. വളരെ എളുപ്പമാണെന്ന് വിചാരിച്ച ചൂണ്ടയിടൽ അങ്ങനെയല്ലെന്ന് ശേഷം എംഎൽഎ പറഞ്ഞു.
മത്സരത്തിൽ ഒന്നാം സമ്മാനമായ മൂവായിരം രൂപയും മൂന്ന് കിലോ മത്സ്യവും മുക്കം അഗസ്ത്യൻമുഴി സ്വദേശി നിതിൻ കരസ്ഥമാക്കി. വിജയികളായവർക്കുള്ള സമ്മാനം കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, തിരുവമ്പാടി പഞ്ചായത് പ്രസിഡന്റ് ബിന്ദു ജോൺസൺ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് എന്നിവർ ചേർന്ന് വിതരണം ചെയ്തു.
ഏറ്റവും വലിയ മത്സ്യത്തെ പിടിച്ച ആൾക്കുള്ള പ്രത്യേക സമ്മാനത്തിനു തിരുവമ്പാടി പെരുമാലിപ്പടി സ്വദേശി ഷിബിൻ അർഹനായി. 24 മുതൽ 27 വരെ മലബാർ റിവർ ഫെസ്റ്റിവൽ നടക്കുക.