ചർച്ച പരാജയം; വടകരയിൽ ഇന്ന് സ്വകാര്യ ബസ് സമരം
1572737
Friday, July 4, 2025 5:18 AM IST
വടകര: റോഡുകളുടെ ശോച്യാവസ്ഥക്കെതിരേ ബസ് തൊഴിലാളി സംയുക്ത സമിതി പ്രഖ്യാപിച്ച സൂചനാ സമരം ഇന്ന് നടക്കും.
സമരം കണക്കിലെടുത്ത് ആര്‍ഡിഒ അന്‍വര്‍ സാദത്ത് വിളിച്ച അനുരഞ്ജന യോഗം പരാജയപ്പെട്ട സാഹചര്യത്തില്‍ സമരവുമായി മുന്നോട്ട് പോകാന്‍ സമരസമിതി തീരുമാനിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് സമരം. വടകര കേന്ദ്രമായി സര്‍വീസ് നടത്തുന്ന മുഴുവന്‍ ബസുകളും സമരത്തില്‍ പങ്കെടുക്കും. ദേശീയപാതയിലെ ദീര്‍ഘദൂര ബസുകള്‍ മൂരാടും അഴിയൂരും യാത്ര അവസാനിപ്പിക്കും.
ദേശീയപാതയുടെയും സംസ്ഥാന പാതകളുടെയും ദുരവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സംയുക്ത സമിതി സമരം പ്രഖ്യാപിച്ചത്. ഒരാഴ്ച കൊണ്ട് ക്വാറി വേസ്റ്റിട്ട് പ്രശ്നം പരിഹരിക്കാമെന്ന കരാര്‍ കമ്പനിയുടെ പ്രതിനിധി നിര്‍ദേശിച്ചത് സ്വീകാര്യമല്ലെന്ന് സംയുക്ത യൂണിയന് യോഗത്തില്‍ വ്യക്തമാക്കി. ഫലപ്രദമായ നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
ആര്‍ടിഒ, തഹസില്‍ദാര്‍, എന്‍എച്ച് അഥോറിറ്റി പ്രതിനിധി എന്നിവര്‍ക്കു പുറമെ തൊഴിലാളി യൂണിയന് നേതാക്കളായ എ. സതീശന്, എം. ബാലകൃഷ്ണന്, ഇ. നാരായണന് നായര്‍, വിനോദ് ചെറിയത്ത്, മടപ്പള്ളി മോഹനന്, സജീവ് കുമാര്‍, പ്രദീപന് തുടങ്ങിയവര്‍ പങ്കെടുത്തു.