കക്കയത്തെ ടൂറിസം വികസനം മുരടിപ്പിലെന്ന് ആരോപണം
1572179
Wednesday, July 2, 2025 5:14 AM IST
കൂരാച്ചുണ്ട്: നിത്യേന നൂറു കണക്കിന് വിനോദസഞ്ചാരികൾ വന്നുപോകുന്ന കക്കയം ടൂറിസം പദ്ധതിയിൽ നിന്നും പ്രതിമാസം ലക്ഷങ്ങൾ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും കക്കയം ടൂറിസം പദ്ധതി മുരടിപ്പിന്റെ പടുകുഴിയിലാണെന്ന് കക്കയം ടൂറിസം വികസന സമിതി.
ടൂറിസം പദ്ധതിയുടെ ആരംഭകാലത്തുണ്ടായിരുന്ന സൗകര്യങ്ങൾ ഓരോന്നായി നശിച്ചതോടെ സന്ദർശകരുടെ ആസ്വാദനത്തിനും മങ്ങലേറ്റു. വനംവകുപ്പിന്റെ അധീനതയിലുള്ള ഉരക്കുഴി ഇക്കോ ടൂറിസം കേന്ദ്രത്തിൽ സന്ദർശകർക്കായി ഒരുക്കിയിരുന്ന തൂക്കുപാലം തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും പുനർനിർമ്മാണം നടത്തിയിട്ടില്ല. ഇവിടുത്തെ നടപ്പാത പൊട്ടിപ്പൊളിഞ്ഞു.
മേഖലയിൽ ഇരിപ്പടങ്ങളില്ല, പൂന്തോട്ടങ്ങൾ നശിച്ചു, കൂടാതെ ഡാമിൽ നടത്തിയിരുന്ന ബോട്ടിംഗ് സർവീസും ഇപ്പോൾ കട്ടപ്പുറത്താണുള്ളത്. വനംവകുപ്പിന്റെയും, കെഎസ്ഇബിയുടെയും കീഴിലുള്ള രണ്ട് പദ്ധതികളും നാശത്തിന്റെ വക്കിലാണ്. രണ്ടു പദ്ധതികളിലായി ഏകദേശം മുപ്പതോളം ഗൈഡുമാരുടെ ജീവിതം ദുരിതപൂർണമാണ്. വൈദ്യുതി ബോർഡിന്റെ പുതിയ പ്രഖ്യാപന പ്രകാരം പഴയ കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി ടൂറിസ്റ്റുകൾക്ക് നൽകാൻ തയാറാകണം.
അതിനായി നിരവധി കെട്ടിടങ്ങൾ നിലവിലുണ്ട്. കക്കയത്തും കക്കയം ഡാം മേഖലയിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും വികസന സമിതി ആവശ്യപ്പെട്ടു.
കെഎസ്ആർടിസി വയനാട്ടിലും മറ്റും നടപ്പാക്കിയ പോലെ ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കിക്കൊണ്ട് ബസുകളിൽ താമസം ഏർപ്പെടുത്താൻ കഴിയും.
ഇവയെല്ലാം പരിഗണിച്ച് കക്കയത്ത് ടൂറിസ്റ്റ് വികസനത്തിന് ആവശ്യമായ ശ്രദ്ധ ചൊലുത്തുവാൻ ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ തയാറാകണമെന്നും ടൂറിസം വികസന സമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ ആൻഡ്രൂസ് കട്ടിക്കാന അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഡാർലി ഏബ്രഹാം, സലോമി തോമസ്, ഷമീർ പിച്ചൻ, ചാക്കോ വല്ലയിൽ, ഷൈജ കാരിവേലി എന്നിവർ പ്രസംഗിച്ചു.