ചരക്കുലോറികള്‍ വഴിയില്‍ കുടുങ്ങി: വടകരയില്‍ ബസ് സര്‍വീസ് നിര്‍ത്തിവച്ചു
1571949
Tuesday, July 1, 2025 7:35 AM IST
വടകര: ദേശീയപാതയില്‍ ചരക്കുലോറികള്‍ വഴിയില്‍ കുടുങ്ങിയതോടെ രൂക്ഷമായ ഗതാഗത കുരുക്ക്. കൈനാട്ടിക്കും ചോറോട് ഗേറ്റിനുമിടയിലാണ് ലോറികള്‍ അകപ്പെട്ടത്. ലോറികള്‍ നിശ്ചലമായതോടെ ഗതാഗത കുരുക്ക് മുര്‍ച്ഛിച്ചു. രാവിലെ ആറു മണിക്ക് തുടങ്ങിയ കുരുക്ക് മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് സാധാരണ നിലയിലായത്.
പാലത്തിന്റെ പണി നടക്കുന്നിടത്ത് റോഡിന്റെ ശോചനീയാവസ്ഥ കാരണം ഒരു ലോറിയാണ് ആദ്യം കുടുങ്ങിയത്. ഇതിന് തൊട്ടടുത്ത് തന്നെയാണ് മറ്റൊരു ചരക്കു ലോറിയും കുടുങ്ങിയത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും താറുമാറായി. വിദ്യാലയങ്ങളിലും ഓഫീസുകളിലും എത്തിപ്പെടേണ്ടവരെല്ലാം വഴിയില്‍ അകപ്പെട്ടു. ഗതാഗത കുരുക്കിനെ തുടര്‍ന്ന് വടകരയില്‍ ബസ് സര്‍വീസ് നിര്‍ത്തി. തലശേരി, നാദാപുരം റൂട്ടുകളിലെ മിക്ക ബസുകളും ഓട്ടം നിര്‍ത്തി വച്ചു. ഇതോടെ യാത്രക്കാര്‍ വലഞ്ഞു.