സംസ്ഥാന പാതയിൽ വീണ്ടും അപകടം : കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
1572170
Wednesday, July 2, 2025 4:51 AM IST
മുക്കം: എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിലെ അപകടങ്ങൾക്ക് അറുതിയാവുന്നില്ല. ചൊവ്വാഴ്ച മുത്തേരി കപ്പുമല വളവിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കാറും ഓട്ടോറിക്ഷയും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. കാറിൽ യാത്ര ചെയ്ത സ്ത്രീക്കും ഓട്ടോ ഡ്രൈവർക്കുമാണ് പരിക്ക്.
പരിക്കേറ്റ സ്ത്രീയെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും കാലിന് പരിക്കേറ്റ ഓട്ടോ ഡ്രൈവർ മുക്കം പൂളപ്പൊയിൽ സ്വദേശി ചെട്ടിയാം ചാലിൽ അബ്ദുറഹിമാനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെയും ഓട്ടോറിക്ഷയുടെയും മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ഇവിടെ നേരത്തെയും നിരവധി അപകടങ്ങൾ നടന്നിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു.
സംസ്ഥാന പാതയിൽ കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ മാത്രം ചെറുതും വലുതുമായ പത്തോളം അപകടങ്ങളാണ് നടന്നത്. റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്നാണ് ആക്ഷേപം.