പുസ്തക നിറവ് ഉദ്ഘാടനം ചെയ്തു
1572180
Wednesday, July 2, 2025 5:14 AM IST
പാറോപ്പടി: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് ജില്ലയില്‍ സംഘടിപ്പിച്ച പുസ്തകപ്രദര്‍ശനവും വിപണനവും "പുസ്തകനിറവ് 2025' ന്റെ ജില്ലാതല ഉദ്ഘാടനം സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കൻഡറി സകൂളില്‍ നടന്നു.
മഹിതമലയാളത്തിന്റെ പ്രാധാന്യം വിദ്യാർഥികളില്‍ എത്തിക്കുന്നതിനും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ എം.എന്‍. കാരശേരി നിര്‍വഹിച്ചു. കുട്ടികള്‍ സംസ്കാര സമ്പന്നരും മൂല്യബോധമുള്ളവരുമായി വളരുവാന്‍ വായന അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. "എഴുത്തും സംസ്കാരവും' എന്ന വിഷയത്തില്‍ കുട്ടികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.
സ്കൂളുമായി ബന്ധപ്പെട്ട് സാമൂഹിക സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ സംഭാവന നല്കിയ മുന്‍ മലയാളം അധ്യാപിക വി. ശശികലയെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന് അധ്യക്ഷത വഹിച്ചു.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റര്‍ രാധികാനായര്‍ ആമുഖ പ്രഭാഷണം നടത്തി. ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം ജാനമ്മ കുഞ്ഞുണ്ണി, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ മണ്ണാറത്തറ, മലയാളം അധ്യാപകന് വി.പി. മനോജ് എന്നിവർ പ്രസംഗിച്ചു.