കംപ്യൂട്ടർ സയന്‍സിനോട് താത്പര്യം, മൂന്നാം റാങ്കിന്റെ മധുരത്തില്‍ അക്ഷയ് ബിജു
1572167
Wednesday, July 2, 2025 4:51 AM IST
കോഴിക്കോട്: കീം പരീക്ഷയിൽ എന്‍ജിനിയറിംഗ് വിഭാഗത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജു. ജെഇഇ മെയിൻ പരീക്ഷയിൽ കേരളത്തിൽ ഒന്നാമനായ അക്ഷയ് ബിജുവിന്റെ (98 റാങ്ക് )കഠിനാധ്വാനത്തിന് ഇരട്ടി മധുരം നൽകുന്നതാണ് ഈ നേട്ടം. കാൺപൂർ ഐഐടിയിൽ കംപ്യൂട്ടർ സയൻസിന് ചേരണമെന്നാണ് ആഗ്രഹം.
ആറാം ക്ലാസ് മുതൽ ഐഐടി പ്രവേശനം ലക്ഷ്യമിട്ടു പരിശീലനത്തിനു പോയിരുന്നു. സ്കൂള്‍ ദിവസങ്ങളിൽ ഏഴു മണിക്കൂറോളം വീട്ടിൽ ഇരുന്ന് പഠിക്കാൻ അക്ഷയ് സമയം കണ്ടെത്തിയിരുന്നു. പുലർച്ചെ 4.30 മുതൽ സ്കൂളിലേക്ക് പോകും വരെയായിരുന്നു പഠനം. സ്കൂൾ വിട്ടുവന്ന ശേഷം വൈകിട്ട് 6.30 മുതൽ രാത്രി 10 വരെ പഠിക്കും. സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ 13 മണിക്കൂറായിരുന്നു പഠനം.
കോഴിക്കോട് മാനാഞ്ചിറ അഡീഷണൽ സബ് ട്രഷറി ജൂണിയര്‍ സൂപ്രണ്ടായ എൻ.ബിജുവിന്റെയും ആലപ്പുഴയില്‍ ആയൂര്‍ വേദ ഡോക്ടറായ സി.കെ.നിഷയുടെയും മകനായ അക്ഷയ് കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലാണ് പത്താം ക്ലാസ് പൂർത്തിയാക്കിയത്. തുടർന്ന് കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും പ്ലസ് ടു പൂർത്തിയാക്കി.
ചെറുപ്പം മുതലേ കൃത്യമായ ലക്ഷ്യമിട്ടായിരുന്നു മകന്റെ പഠനമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. അതിന്റെ വിജയമാണ് മകൻ നേടിയതെന്നും ബിജുവും നിഷയും പറയുന്നു. പഠനത്തിനു പുറമെ ചിത്രരചനയും ചെസുമാണ് അക്ഷയ്ക്ക് ഇഷ്ടം.
സേലം മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയായ ബി.എന്‍. ഗോപിക ഏക സഹോദരിയാണ്.പിതാവ് ബിജു മുന്‍പ് ദീപിക ദിനപത്രത്തില്‍ കണ്ണൂര്‍ യൂണിറ്റില്‍ ടെക്നിക്കല്‍ സ്റ്റാഫായി ജോലി ചെയ്തിരുന്നു.