എല്‍ഡിഎഫ് സര്‍ക്കാരിനെ ജനം കടലില്‍ താഴ്ത്തും: ഷാഫി പറമ്പില്‍
1572181
Wednesday, July 2, 2025 5:14 AM IST
കോഴിക്കോട്: എല്‍ഡിഎഫ് സര്‍ക്കാരിനെ ജനം അറബി കടലില്‍ താഴ്ത്തുമെന്നും സര്‍ക്കാരിന്റെ എക്സിറ്റ് ഓഡര്‍ ജനങ്ങള്‍ ഒപ്പിട്ടു കഴിഞ്ഞുവെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമം മൂലം ഗവ. മെഡിക്കല്‍ കോളജ് നേരിടുന്ന ദുരവസ്ഥക്കെതിരേ കോളജിന് മുന്നില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ആരോഗ്യ മന്ത്രി അനാരോഗ്യമന്ത്രിയായി മാറിയെന്നും കേരളത്തിലെ ആരോഗ്യവകുപ്പിനെ പിടികൂടിയിരിക്കുന്ന ഗുരുതരമായ രോഗമാണ് പിആര്‍ അഡിക്ഷനെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. ഡോ. ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ്, ഭരണത്തെക്കുറിച്ചുള്ള കറകളഞ്ഞ സഖാവിന്റെ വിലയിരുത്തലാണ്.
പോരാളി ഷാജി തോറ്റുപോകുംവിധം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തെ ന്യായീകരിച്ചയാളാണ് ആശുപത്രിയിലെ ദുരിതം കാണിച്ച് പോസ്റ്റ് ഇട്ടത്. മെഡിക്കല്‍ കോളജിലെ കാഷ്വാലിറ്റി വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തുണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം നിയാസ്, മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി അബു, യുഡിഎഫ് ജില്ലാ ചെയര്മാന് കെ. ബാലനാരായണന്‍, ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റ് യു.വി ദിനേശ് മണി എന്നിവര്‍ പ്രസംഗിച്ചു.