മുസ്ലീം ലീഗിൽ വിഭാഗീയത പുകയുന്നു
1572182
Wednesday, July 2, 2025 5:14 AM IST
തിരുവമ്പാടി: മുസ്ലീം ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് കെഎംസിസി കുടുംബ സംഗമം നടത്തിയതുൾപ്പെടെ തിരുവമ്പാടി മുസ്ലീം ലീഗിൽ നിലനിൽക്കുന്ന വിഭാഗീയത കൂടുതൽ രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നിയോജക മണ്ഡലം നേതൃത്വത്തിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി വിമതപക്ഷം രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് മറുപടിയുമായി പഞ്ചായത്ത് ലീഗ് ഭാരവാഹികൾ രംഗത്തെത്തിയത്. സംസ്ഥാന സെക്രട്ടറിയും കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയുമായ സി.പി. ചെറിയ മുഹമ്മദിനെ പരാജയപ്പെടുത്തിയത് നിലവിലെ മണ്ഡലം പ്രസിഡന്റും സെക്രട്ടറിയുമാണന്നായിരുന്നു പ്രധാന ആരോപണം.
എന്നാൽ പരാജയം പഠിക്കാനായി സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷനായ അഡ്വ. എൻ. ശംസുദ്ധീൻ, പി.എം സാദിഖലി എന്നിവർ പോലും കണ്ടെത്താത്ത ആരോപണമുന്നയിച്ച സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് മറുപടി പറയണമെന്ന് തിരുവമ്പാടി പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഷൗക്കത്തലി കൊല്ലളത്ത് പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സര രംഗത്തുണ്ടായിട്ടും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിന്ന് വിട്ടു നിന്നവരാണ് ഇപ്പോൾ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
പാർട്ടിയിൽ നിന്ന് പുറത്താക്കിയവരുടെ രാജി പ്രഖ്യാപനം അപഹാസ്യമാണന്നും അദ്ദേഹം പറഞ്ഞു. അൽപ്പമെങ്കിലും ധാർമ്മികതയുണ്ടങ്കിൽ കെ.എ അബ്ദുറഹിമാൻ തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നും ഷൗക്കത്തലി ആവശ്യപ്പെട്ടു.