കടിയങ്ങാട് ബസ് അപകടം; ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തു
1572185
Wednesday, July 2, 2025 5:14 AM IST
പേരാമ്പ്ര: കഴിഞ്ഞ ദിവസം കടിയങ്ങാട് പെട്രോൾ പമ്പിന് സമീപം സ്വകാര്യ ബസ് ടിപ്പറിന് പിന്നിൽ ഇടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
ഞായറാഴ്ച രാവിലെയാണ് കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ കടിയങ്ങാട് വച്ച് ടിപ്പറിന് പുറകില്‍ ബസ് ഇടിച്ച് അപകടം ഉണ്ടായത്. അപകടം വരുത്തിയ കെ എൽ 56 എം 8199 എസാർ ബസിന്റെ ഡ്രൈവര്‍ മരുതോങ്കര സ്വദേശി കുനിയിൽ കെ. വിപിന്റെ ഡ്രൈവിംഗ് ലൈസന്‍സാണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
എടപ്പാൾ ഐആർഡിഎയിൽ അഞ്ച് ദിവസത്തെ പരിശീലനത്തിനും ജോയിന്റ് ആര്‍ടിഒ ടി.കെ പ്രഗീഷ് ഉത്തരവ് നല്കി. ഡ്രൈവര്‍ വിപിന്‍ കുറ്റസമ്മതം നടത്തി. എംവിഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വാഹനം അശ്രദ്ധമായും അമിത വേഗത്തിലുമാണ് ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഈ റൂട്ടിലെ സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കാൻ കർശന നടപടികൾ തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.