റോഡിൽ സീബ്രാ ലൈനില്ല,നിയന്ത്രിക്കാൻ പോലീസുമില്ല
1572178
Wednesday, July 2, 2025 5:14 AM IST
കൂരാച്ചുണ്ടിൽ യാത്രാ ദുരിതം ; വിദ്യാർഥികൾ വലയുന്നു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് മേലെ അങ്ങാടിയിലെ റോഡിൽ സീബ്രാ ലൈനില്ലാത്തത് യാത്രക്കാർക്ക് പ്രതിസന്ധിയാവുന്നു. മേലെ അങ്ങാടിയിൽ റോഡ് മുറിച്ച് കടക്കുന്ന ഭാഗത്ത് സീബ്രാ ലൈൻ ഉണ്ടായിരുന്നു. ഇപ്പോൾ പൂർണമായും മാഞ്ഞ് അപ്രത്യക്ഷമായതോടെയാണ് വിദ്യാർഥികൾ ഉൾപ്പടെ പ്രയാസത്തിലായി.
നേരത്തെ ഇവിടെ സ്കൂൾ വിടുന്ന സമയങ്ങളിൽ വാഹനങ്ങളെ നിയന്ത്രിക്കാന്‍ പോലീസിനെ ഡ്യൂട്ടിക്ക് ഇടുന്ന സംവിധാനവുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പോലീസും ഇവിടെ ഇല്ലാതായതോടെ ചെറിയ കുട്ടികൾ അടക്കമുള്ള വിദ്യാർഥികൾ ഭയത്തോടെയും ബുദ്ധിമുട്ടിയുമാണ് റോഡ് മുറിച്ച് കടക്കുന്നത്. വാഹനങ്ങളെല്ലാം വേഗതയിൽ കടന്നു പോകുന്നത് ഭീഷണിയായി മാറിയിട്ടുണ്ട്.
സീബ്രാ ലൈൻ മാഞ്ഞുപോയത് വീണ്ടും പുനസ്ഥാപിക്കാൻ ബാലുശേരി പിഡബ്ല്യൂഡി അധികൃതർക്ക് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി പരാതി നൽകിയിരുന്നെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. വിദ്യാർഥികളും യാത്രക്കാരും റോഡ് മുറിച്ച് കടക്കുന്ന ഭാഗങ്ങളിൽ സീബ്രാ ലൈൻ സ്ഥാപിക്കാനും സ്ഥിരമായി പോലീസ് സംവിധാനം ഏർപ്പെടുത്താനും നടപടി സ്വീകരിക്കണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
ടി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ. പ്രേമൻ, കെ.എം. പീറ്റർ, വിനു മ്ലാക്കുഴിയിൽ,പി.ടി. തോമസ്, ഗോപിനാഥൻ, പ്രവീൺ എന്നിവർ പ്രസംഗിച്ചു.