മെഡിക്കല്‍ കോളജിലെ കുടിശിക :ചികിത്സാ ഉപകരണ വിതരണക്കാരുടെ നിര്‍ണായകയോഗം 10ന്
1572166
Wednesday, July 2, 2025 4:51 AM IST
കോഴിക്കോട്: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ മാറ്റിവയ്ക്കല്‍ വിവാദം ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയിലാക്കിയിരിക്കേ കോഴിക്കോട് മെഡിക്കല്‍ കോളജും സമാന അവസ്ഥയിലേക്ക്. മെഡിക്കല്‍ കോളജിലേക്കുള്ള സ്റ്റെന്‍ഡ്, വാൽവ്, പേസ് മേക്കർ വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ഹൃദയ ചികിത്സയ്ക്കായി കാർഡിയോളജി, ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗത്തിലേക്കുള്ള സ്റ്റെന്റ്, വാൽവ്, പേസ് മേക്കർ, ബലൂൺ, കത്തീറ്റർ വയർ, ഗൈഡ് വയർ തുടങ്ങിയ ഉപകരണങ്ങൾ നൽകിയ വകയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് മാത്രം 30 കോടിയിലേറെ കുടിശികയുണ്ടെന്ന് സ്റ്റെന്റ്, വാൽവ് വിതരണക്കാരുടെ സംഘടനയായ ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് മെഡിക്കൽ ഇംപ്ലാന്റ്സ് ആൻഡ് ഡിസ്പോസബിൾസ് ഭാരവാഹികൾ പറയുന്നു.
10ന് സ്റ്റെന്റ് വിതരണ സംഘടനയുടെ സംസ്ഥാന പ്രവർത്തകസമിതി യോഗം നടക്കും. ഈ യോഗത്തിൽ വിതരണം നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. അതേസമയം ഇതുവരെ ആരോഗ്യ വകുപ്പ് വിഷയത്തില്‍ ഇടപെട്ടിട്ടില്ല.
ആശുപത്രിയിലേക്കുള്ള മരുന്ന്, സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്ത വകയിൽ കോടികൾ കുടിശികയെന്നു വിതരണക്കാർ. മരുന്നു വിതരണക്കാർക്കു 65 കോടിയോളം രൂപയും ഉപകരണങ്ങൾ വിതരണം ചെയ്തതിൽ 30 കോടിയോളം രൂപയുമാണു കുടിശിക. ഒരു മാസം ഏകദേശം മൂന്ന്കോടിയാണ് കുടിശിക.
ആരോഗ്യ മന്ത്രി അനാരോഗ്യമന്ത്രിയായി മാറി: ഷാഫി പറമ്പില്‍ എംപി
കോഴിക്കോട്: എല്‍ഡിഎഫ് സര്‍ക്കാരിനെ ജനം അറബി കടലില്‍ താഴ്ത്തുമെന്നും സര്‍ക്കാരിന്റെ എക്സിറ്റ് ഓഡര്‍ ജനങ്ങള്‍ ഒപ്പിട്ടു കഴിഞ്ഞുവെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി. ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമം മൂലം ഗവ.മെഡിക്കല്‍ കോളജ് നേരിടുന്ന ദുരവസ്ഥക്കെതിരേ കോളജിന് മുന്നില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ആരോഗ്യ മന്ത്രി അനാരോഗ്യമന്ത്രിയായി മാറിയെന്നും കേരളത്തിലെ ആരോഗ്യവകുപ്പിനെ പിടികൂടിയിരിക്കുന്ന ഗുരുതരമായ രോഗമാണ് പിആര്‍ അഡിക്ഷനെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. ആ അസുഖം മാറുമെന്ന് തോന്നുന്നില്ല. കാരണം അതാണ് നിലനില്‍പ്പ് എന്നു കരുതുന്നയാളാണ് കേരളം ഭരിക്കുന്നത്.
ആരോഗ്യമേഖലയില്‍ ഉണ്ടായ അടിസ്ഥാന വികസനം കേരളം കാലാകാലങ്ങളായി ഉണ്ടാക്കിയെടുത്തതാണ്. അതിനുമുകളിലുള്ള പിആര്‍ എക്സസൈസ് ആണ് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കേരളത്തിലെ ആരോഗ്യവകുപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. ആരോഗ്യമന്ത്രി ആ സ്ഥാനത്ത് തുടരാന്‍ യോഗ്യയല്ല.
തീപിടിത്തത്തത്തുടര്ന്ന് അടച്ചിട്ട കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാഷ്വാലിറ്റി ബ്ലോക്ക് ഇതുവരെ തുറക്കാത്തത് എന്തുകൊണ്ട് എന്നതിന് മറുപടിയില്ലെന്നും എംപി പറഞ്ഞു. കോളജിലെ കാഷ്വാലിറ്റി വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തുണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.