കാട്ടാന ശല്യം രൂക്ഷം രൂക്ഷം ; കൃഷി നശിപ്പിച്ചു
1572183
Wednesday, July 2, 2025 5:14 AM IST
കോഴിക്കോട്: ജില്ലയിലെ മൈലള്ളംപാറ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷം. ഒരാഴ്ചയായി 11 ന്നോളംകാട്ടാനകൾ ഉൾപ്പെടുന്നകൂട്ടം പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. മാത്യു തെക്കേക്കര, ജോസഫ് കൊണ്ടോടി, ബിനോയ്, ആനിയമ്മ, കുഞ്ഞികണാരൻ, ടോമിച്ചൻ, ജമീല, ബെന്നിമാത്യു,അരുൻതോമസ് തുടങ്ങി പതിനഞ്ചോളാം കർഷകരുടെ കൃഷികളാണ് ആനക്കൂട്ടം നശിപ്പിച്ചിരിക്കുന്നത്.
അധികൃതരുടെ ഭാഗത്തുനിന്നും ഇവയെ തുരത്താനുള്ള കൃത്യമായ നടപടികൾ ഉണ്ടാകുന്നില്ല. ആർആർടി അംഗങ്ങൾ പടക്കം പൊട്ടിക്കുന്നുണ്ടെങ്കിലും കാട്ടാനകൾ കാടുകയറുന്നില്ല.
വർഷങ്ങൾക്കുമുമ്പുള്ള ഫെൻസിംഗ് റിപ്പയർ ചെയ്യാത്തതിനാൽ ഉപയോഗശൂന്യമാണ്. ഇതിനെതിരേ ശക്തമായ നടപടി ഉണ്ടാകണമെന്ന് കിഫ മൈലളളാംപാറ യൂണിറ്റ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം തുടങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.
കക്കയത്ത് കൃഷി നശിപ്പിച്ചു
കൂരാച്ചുണ്ട്: കക്കയം ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. പഞ്ചായത്ത് നാലാം വാർഡ് കക്കയം പഞ്ചവടി ഇല്ലി തോട്ടത്തിന് സമീപം താമസിക്കുന്ന കർഷകൻ പാറക്കൽ കുട്ടിയാലിയുടെ കൃഷിയിടത്തിലാണ് കാട്ടാന വാഴകൃഷി നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഈ മേഖലയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ ഫെൻസിംഗ് തകർത്തശേഷമാണ് കാട്ടാന കൃഷിയിടത്തിലേക്ക് പ്രവേശിച്ചത്. കക്കയം മേഖലയുടെ വിവിധ ഭാഗങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമാണ്.
വന്യമൃഗങ്ങളെ വനത്തിൽ തടയാൻ ശാശ്വതമായ പരിഹാരം കാണാൻ വനം വകുപ്പ് തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കാട്ടുപോത്തുകളും നാട്ടുകാർക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളെ ഏറെ ഭയപ്പെട്ടാണ് പ്രദേശവാസികൾ ഇപ്പോൾ കഴിഞ്ഞുകൂടുന്നത്. കൃഷി നാശത്തിന് തക്കതായ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം ഉയരുന്നത്.
വന്യമൃഗ ശല്യത്തിനെതിരേ കത്തോലിക്ക കോൺഗ്രസ്
കൂരാച്ചുണ്ട്: മലയോര മേഖലയായ ചക്കിട്ടപാറ, പെരുവണ്ണാമുഴി, ചെമ്പനോട, മുതുകാട്, കക്കയം, കൂരാച്ചുണ്ട് എന്നിവിടങ്ങളിൽ നിരന്തരമായി വന്യമൃഗശല്യം രൂക്ഷമായിട്ടും വനം വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ കത്തോലിക്കാ കോൺഗ്രസ് കൂരാച്ചുണ്ട് ഫൊറോന കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കാത്ത പക്ഷം അടുത്ത മാസം ആദ്യവാരത്തിൽ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് കത്തോലിക്ക കോൺഗ്രസ് കൂരാച്ചുണ്ട്, മരുതോങ്കര ഫൊറോന കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ച് നടത്താൻ യോഗം തീരുമാനിച്ചു.
ഫൊറോന ഡയറക്ടർ ഫാ. വിൻസെന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ജോസ് ചെറുവള്ളിൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജോൺസൺ കക്കയം, ദാസ് കാനാട്ട്, ബോബൻ പുത്തൂർ, നിമ്മി പൊതയിട്ടേൽ, സണ്ണി എമ്പ്രയിൽ എന്നിവർ പ്രസംഗിച്ചു.