പരിസ്ഥിതി സംരക്ഷണത്തിന് വേറിട്ട ഇടപെടലുമായി താമരശേരി രൂപത
1572702
Friday, July 4, 2025 5:00 AM IST
താമരശേരി: താമരശേരി രൂപത സ്ഥാപിതമായതിന്റെ നാൽപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള രൂപതയിലെ വീടുകളിൽ വൃക്ഷത്തൈകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ കല്ലുരുട്ടി പള്ളിയിൽവച്ച് നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും പ്രകൃതിയോടും വൃക്ഷങ്ങളോടുമുള്ള സ്നേഹം ദൈവ സ്നേഹത്തിന്റെ ഭാഗമാണെന്നും ബിഷപ് ഓർമിപ്പിച്ചു.
ഇൻഫാമിന്റെ നേതൃത്വത്തിൽ സൗജന്യമായാണ് പന്ത്രണ്ടായിരത്തിലധികം വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നത്. റൂബി ജൂബിലിയുടെ ഭാഗമായി ജൂൺ മാസത്തിൽ ബിഷപിന്റെ നേതൃത്വത്തിൽ വയനാട് ചുരം ശുചിയാക്കുകയും എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കാനായി ബാസ്കറ്റുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഇൻഫാം റീജണൽ ഡയറക്ടർ ഫാ. ജോസ് പെണ്ണാപറമ്പിൽ, ഫാ. ജിൽസൻ തയ്യിൽ, ഇൻഫാം പ്രോഗ്രാം കോ ഓർഡിനേറ്റർ ഫാ. സായി പാറൻകുളങ്ങര, ഫാ. ജോസഫ് കിളിയംപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.