റോഡ് തകർന്നിട്ട് മാസങ്ങൾ : നന്നാക്കാൻ നടപടിയില്ല നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
1572736
Friday, July 4, 2025 5:18 AM IST
മുക്കം: മുക്കം നഗരസഭയിലെ 26-ാം ഡിവിഷനിലെ മണാശേരി- മുതുകുറ്റിമലയിൽ റോഡ് പൊട്ടി പൊളിഞ്ഞ് കാൽനട യാത്ര പോലും സാധ്യമല്ലാത്ത നിലയിൽ. റോഡ് പൊട്ടി പൊളിഞ്ഞു ഗർത്തങ്ങൾ രൂപപ്പെട്ടു കല്ലുകൾ ഇളകി കിടക്കുന്ന അവസ്ഥയിലാണ്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഇവിടേയ്ക്ക് ഓട്ടോറിക്ഷ പോലുള്ള വാഹനം വിളിച്ചാൽ പോലും വരാറില്ല.
റോഡുപണി കരാറെടുത്ത കരാറുകാരന്റെ ഉത്തരവാദിത്വ കുറവാണ് റോഡിന്റെ ശോചനീയാവസ്ഥക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തേക്കുള്ള റോഡിന്റെ ഈ അവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തുകാർ അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല.
മറ്റൊരു കൗൺസിലറെ ഈ ഡിവിഷന്റെ കാര്യങ്ങൾ നോക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെങ്കിലും അങ്ങിനെയൊരു വ്യക്തി പ്രദേശത്തേക്ക് എത്തിനോക്കിയതായി തങ്ങൾക്കറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡ് എത്രയും പെട്ടെന്ന് അറ്റകുറ്റ പ്രവൃത്തി നടത്തി നവീകരിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ നഗരസഭയിലേക്കു പ്രതിഷേധ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾക്കൊരുങ്ങുകയാണ് നാട്ടുകാർ.