റേഷന്‍കടകള്‍ വഴിയുളള മണ്ണെണ്ണ വിതരണം പ്രതിസന്ധിയില്‍
1572706
Friday, July 4, 2025 5:14 AM IST
കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ റേഷന്‍കാര്‍ഡുടമകള്‍ക്ക് വീണ്ടും മണ്ണെണ്ണ അനുവദിച്ചുവെങ്കിലും ജില്ലയില്‍ മൊത്തവിതരണ കേന്ദ്രങ്ങളില്ലാത്തതിനാല്‍ വിതരണം പ്രതിസന്ധി നേരിടുന്നു. 957 റേഷന്‍ കടകളുള്ള ജില്ലയില്‍ സിറ്റി റേഷനിങ് ഓഫീസിന്റെ പരിധിയിലുള്ള പത്ത് കടകളില്‍ മാത്രമാണ് മണ്ണെണ്ണ വിതരണം ആരംഭിച്ചത്.
വടകര, കൊയിലാണ്ടി, താമരശേരി താലൂക്കുകളില്‍ വിതരണം ഇനിയും തുടങ്ങിയിട്ടില്ല. മൊത്തവിതരണ കേന്ദ്രങ്ങളും വാതില്‍പടി സേവനവും ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. കോഴിക്കോട് താലൂക്കില്‍ ചെറൂട്ടി റോഡ്, ബീച്ച് എന്നിവിടങ്ങളില്‍ മാത്രമാണ് മൊത്തവിതരണ കേന്ദ്രമുള്ളത്.
ഇവിടെ നിന്നുവേണം മറ്റുള്ള റേഷന്‍ കടകള്‍ക്ക് സ്റ്റോക്ക് എടുക്കാന്‍. ദൂരക്കൂടുതലും ആവശ്യത്തിന് വാഹനങ്ങളുമില്ലാത്തതും റേഷന്‍ വ്യാപാരികള്‍ക്ക് സ്റ്റോക്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥ സൃഷ്ടിക്കുകയാണ്.
ഈ കേന്ദ്രങ്ങളില്‍ താലൂക്കുകളിലെ മുഴുവന്‍ റേഷന്‍ കടകള്‍ക്കും വിതരണം ചെയ്യാനുള്ള മണ്ണെണ്ണയും സ്റ്റോക്കില്ലെന്നാണ് പറയുന്നത്. നേരത്തേയുണ്ടായിരുന്ന അളവിലാണ് ഇവിടെ സ്റ്റോക്ക് എത്തിച്ചിരുന്നത് അത് തീര്‍ന്നു ഇനി പുതിയ സ്റ്റോക്ക് എത്തിയാല്‍ മാത്രമാണ് വിതരണം നടക്കുകയുള്ളൂ.
അതേ സമയം, ദൂരക്കൂടുതല്‍ കാരണം മറ്റു താലൂക്കുകളില്‍ പോയി മണ്ണെണ്ണ ഏറ്റെടുക്കാനാകില്ലെന്നാണ് റേഷന്‍ കടക്കാര് പറയുന്നത്. ജില്ലയ്ക്കാവശ്യമായ മണ്ണെണ്ണ ലഭ്യമാക്കാന്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു.ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലെ വിഹിതമാണ് കേന്ദ്രം അനുവദിച്ചിരുന്നത്.
നിശ്ചിത തിയതിക്കകം വിതരണം ചെയ്തില്ലെങ്കില്‍ വിഹിതം നഷ്ടമാകും എന്നാല്‍ കേരളത്തില്‍ മണ്ണെണ്ണ വിതരണം വൈകി ആരംഭിച്ചതിനാല്‍ സമയം നീട്ടി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ റേഷന്‍ കടകള്‍ക്കും മിനിമം 200 ലിറ്റര്‍ മണ്ണെണ്ണയാണ് വിതരണം ചെയ്യുന്നത്. മൊത്തവിതരണ കേന്ദ്രങ്ങളുടെ കുറവും വാതില്‍പ്പടി സേവനം ഇല്ലാത്തതുമാണ്പ്രശ്നം രൂക്ഷമാക്കുന്നത്.
പലയിടത്തും മൊത്ത വ്യാപാരികള്‍ക്ക് റേഷന്‍കടകളില്‍ മണ്ണെണ്ണ എത്തിക്കാന്‍ സംവിധാനമില്ല. നീല, വെള്ള, റോസ് കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ അര ലീറ്റര്‍ വീതവും എഎവൈ കാര്‍ഡ് (മഞ്ഞ) ഉടമകള്‍ക്ക് ഒരു ലിറ്റര്‍ വീതവുമാണു മണ്ണെണ്ണ ലഭിക്കുന്നത്. റേഷന്‍ കടകളില്‍ വാതില്‍പ്പടി സേവനം വഴി മണ്ണെണ്ണ എത്തിക്കാനുള്ള നടപടി സ്വീകരിച്ചു വരികയണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ.കെ. മനോജ് കുമാര്‍ അറിയിച്ചു.