പുതിയ ബസ് സ്റ്റാൻഡ് തീപിടിത്തമുണ്ടായിട്ട് ഒന്നരമാസം : കടകളില്‍ ഇപ്പോഴും ജനറേറ്റര്‍ തന്നെ ശരണം; വാടക ഒഴിവാക്കി നല്‍കണമെന്ന് വ്യാപാരികള്‍
1572697
Friday, July 4, 2025 5:00 AM IST
കോഴിക്കോട്: കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായി ഒന്നരമാസം കഴിഞ്ഞിട്ടും കെട്ടിടത്തിലെ കടകളില്‍ വൈദ്യുതി എത്തിക്കാന്‍ കഴിയാത്തതിനെതിരേ വ്യാപാരികള്‍.
വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ കടയുടമകൾ ജനറേറ്ററുകൾ വാടകയ്ക്ക് എടുത്ത് പ്രവർത്തിപ്പിക്കുകയാണ്. രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയാണ് ഇതിൽനിന്നു വൈദ്യുതി ലഭിക്കുക. ഉപയോഗം അനുസരിച്ച് പല കടകൾക്കും പല നിരക്കിലാണ് വാടക നൽകേണ്ടി വരുന്നത്.
കൂടുതൽ ഫ്രീസറും ജ്യൂസറും ഉപയോഗിക്കുന്ന കൂൾബാറുകളിൽ പലർക്കും ദിവസം 2800 രൂപ വരെ വാടക നൽകേണ്ടി വരുന്നു. കടവാടകയും ജനറേറ്റർ വാടകയും കൂട്ടിയാൽ കച്ചവടം മുന്നോട്ടു കൊണ്ടുപോകാൻ പലരും ബുദ്ധിമുട്ടുകയാണ്. കച്ചവടം പകുതിയായി കുറഞ്ഞു.
വിവിധ വകുപ്പുകൾ അന്വേഷിച്ച് റിപ്പോർട്ടുകൾ സമർപ്പിച്ചെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല. ഈ പ്രതിസന്ധിയില്‍ രണ്ട് മാസത്തെയെങ്കിലും വാടക ഒഴിവാക്കി നല്കാന് കോര്പറേഷന് അധികൃതര്‍ തയാറാകണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.
15 ദിവസം എന്ന് പറഞ്ഞ് തുടങ്ങിയ പ്രവൃത്തികളാണ് അനന്തമായി നീളുന്നത്. മേയ് 18ന് വൈകുന്നേരം അഞ്ചിനാണ് മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് കോംപ്ലക്സിന്റെ പടിഞ്ഞാറുവശത്തെ കെട്ടിടത്തിന്റെ മുകൾനിലകളിൽ തീപടർന്നത്. നിമിഷനേരം കൊണ്ട് തീ പടർന്നു പിടിച്ചു. 12 മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിൽ 19ന് രാവിലെ അഞ്ചരയോടെയാണ് തീയണച്ചത്.
കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രിക്കാൻ അനധികൃത നിർമാണങ്ങൾ തടസ്സമായെന്ന ആരോപണം ഉയർന്നിരുന്നു. അഗ്നിരക്ഷാസേന, കെഎസ്ഇബി, പോലീസ് തുടങ്ങിയവരുടെ അന്വേഷണ റിപ്പോർട്ടുകൾ ചീഫ് സെക്രട്ടറിക്കു കൈമാറുകയും ചെയ്തു.
പിന്നീടാണ് കടകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി കൊടുത്തത്. തീപിടിത്തമുണ്ടായശേഷം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് കടകളില്‍ കച്ചവടം കുറഞ്ഞതായും വ്യാപാരികള്‍ ചുണ്ടിക്കാട്ടുന്നു.