വായന മനുഷ്യനെ നന്മയിലേക്ക് നയിക്കണം: എം.എൻ. കാരശേരി
1572484
Thursday, July 3, 2025 4:57 AM IST
മുക്കം: വായന മനുഷ്യനെ നന്മയിലേക്ക് നയിക്കണമെന്നും എല്ലാം വായിക്കുന്നതിനു പകരം തെരഞ്ഞെടുത്ത് വായിക്കുന്നതാണ് ഗുണകരമാവുകയെന്ന് എഴുത്തുകാരൻ എം.എൻ. കാരശേരി പറഞ്ഞു.
സമൂഹ തിന്മക്കെതിരേ പ്രതികരിക്കുന്നവരാവണം എഴുത്തുകാർ. ഒഴുക്കിനെതിരേ നീന്താനാണ് സമൂഹം ആവശ്യപ്പെടുന്നത്. തിന്മ വർധിക്കുമ്പോൾ നന്മയെ കണ്ടെത്താനും അവ പ്രചരിപ്പിക്കാനും എഴുത്തുകാർ സമയം കണ്ടെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാരശേരിയുടെ എഴുപത്തിയഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് കാരശേരി ബാങ്ക് സംഘടിപ്പിച്ച ആദരം ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് ഡയറക്ടർ ഗസീബ് ചാലൂളി അധ്യക്ഷത വഹിച്ചു.
കാഞ്ചനമാല മുഖ്യ പ്രഭാഷണം നടത്തി. സി.കെ. കാസിം, സിറാജുദ്ദീൻ, എ.വി. സുധാകരൻ, മുക്കം വിജയൻ, മുക്കം ബാലകൃഷ്ണൻ, റീനപ്രകാശ്, ഡെന്നി ആന്റണി, കണ്ടൻ പട്ടർച്ചോല, കാരശേരി ബാങ്ക് ഡയറക്ടർമാരായ വിനോദ് പുത്രശേരി, കാരാട്ട് കൃഷ്ണൻകുട്ടി, റോസമ്മ ബാബു, അലവിക്കുട്ടി പറമ്പാടൻ എന്നിവർ പ്രസംഗിച്ചു.