മലയോര ഹൈവേ നിർമാണം: സുതാര്യമാക്കണമെന്ന് ബി.ജെ.പി
1573382
Sunday, July 6, 2025 5:26 AM IST
ചക്കിട്ടപാറ: പെരുവണ്ണാമൂഴി - ചക്കിട്ടപാറ - ചെമ്പ്ര റൂട്ടിൽ മലയോര ഹൈവേ നിർമാണം സുതാര്യമായി നടത്തണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ചക്കിട്ടപാറയിൽ സംഘടിപ്പിച്ച പൊതു യോഗത്തിൽ ആവശ്യപ്പെട്ടു.
റോഡിന്റെ വികസനത്തിനായി മുൻപ് സർക്കാർ പൊന്നും വില നൽകി ഏറ്റെടുത്ത സ്ഥലം പൂർണമായി സംരക്ഷിച്ചു കൊണ്ടു വേണം ഹൈവേ നിർമാണം നടത്താൻ. റോഡിന്റെ സ്ഥലം കയ്യേറിയവരെ സംരക്ഷിക്കുന്ന നയം സ്വീകരിക്കുന്ന ഇടത് വലത് രാഷ്ട്രീയ നേതൃത്വങ്ങളുടെയും ജനപ്രതിനിധികളുടെയും നിലപാടിനെ പ്രക്ഷോഭത്തിലൂടെയും നിയമപരമായും നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ബിജെപി ജില്ലാ മുൻ ജനറൽ സെക്രട്ടറി എം. മോഹനൻ ഉദ്ഘാടനം ചെയ്തു. വി.വി. രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാബു പുതുപ്പറമ്പിൽ മലയോര ഹൈവേ നിർമാണ പ്രശ്നങ്ങൾ വിശദീകരിച്ചു.
നേതാക്കളായ ഡി.കെ. മനു, കെ.കെ. രജീഷ്, കെ.എം. സുധാകരൻ, തറേമ്മൽ രാജേഷ്, പ്രകാശ് മലയിൽ, ജുബിൻ ബാലകൃഷ്ണൻ, പ്രകാശൻ കോമത്ത്, മോഹനൻ ഇല്ലത്ത് എന്നിവർ പ്രസംഗിച്ചു.