കോഴിക്കോട്: രാഗതാളലയങ്ങള്‍ സമന്വയിച്ച സ്കൂള്‍ കലോല്‍സവത്തിന്റെ രണ്ടാം ദിനം സദസിൽ ആസ്വാദനത്തിന്റെ വേലിയേറ്റം. ആദ്യ ദിനത്തില്‍ നിന്നും വേറിട്ട് പരാതികളും പരിഭവങ്ങളും കുറഞ്ഞ രണ്ടാം ദിനത്തില്‍ വൈകുന്നേരം എത്തിയ മഴ പലയിടത്തും പ്രശ്നക്കാരനായി. രണ്ടാം വേദിയായ സബര്‍മതിയില്‍ മഴപ്പാറലടിച്ച് യുപി വിഭാഗം ഭരതനാട്യം നിര്‍ത്തിവച്ചു. സ്റ്റേജ് ലൈറ്റും പൊട്ടി. ആറോടെയാണ് മത്സരങ്ങള്‍ പുനരാരംഭിച്ചത്. മഹിളാമാള്‍ ഗ്രൗണ്ടിലും മത്സരങ്ങള്‍ തടസ്സപ്പെട്ടു. ജന പ്രിയഇനങ്ങളില് ഭൂരിഭാഗവും വേദിയില്‍ എത്തിയതോടെ സദസ് പലയിടത്തും നിറഞ്ഞു കവിഞ്ഞുരണ്ടാം ദിനം മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ കോഴിക്കോട് സിറ്റി ഉപജില്ലയാണ് മുന്നില്‍ .
തൊട്ടുപിന്നാലെ കൊയിലാണ്ടിയും ബാലുശേരിയുമുണ്ട്.യുപി ജനറല്‍ വിഭാഗത്തില്‍ 79 പോയിന്റുമായി കൊയിലാണ്ടിയാണ് മുന്നില്‍ . കോഴിക്കോട് റൂറല്‍ 76 പോയിന്റുമായി രണ്ടാം സ്ഥാനത്തും തോടന്നൂര്‍ , കൊടുവള്ളി, മേലടി, ചേവായൂര്‍ ഉപജില്ലകള്‍ 74 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.
എച്ച്എസ് ജനറല്‍ വിഭാഗത്തില്‍ 174 പോയിന്റുമായി കോഴിക്കോട് സിറ്റിയാണ് ഒന്നാമത്. കൊയിലാണ്ടി 170, ബാലുശേരി 159 ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ട്.എച്ച്എസ്എസ് ജനറല്‍ വിഭാഗത്തിലും കോഴിക്കോട് സിറ്റിയാണ് മുന്നില്‍.
241 പോയിന്റാണ് കോഴിക്കോട് നേടിയത്. ബാലുശ്ശേരി 205, തോടന്നൂര്‍ 182 രണ്ടും മൂന്നും സ്ഥാനത്തുണ്ട്.സംസ്കൃതോത്സവം യുപി വിഭാഗത്തില്‍ 58 പോയിന്റുമായി ചോമ്പാലയാണ് ഒന്നാമത്. ബാലുശേരി 54, ചേവായൂര്‍ 52 തൊട്ടുപിന്നാലെയുണ്ട്. സംസ്കൃതോത്സവം എച്ച്എസ് വിഭാഗത്തില്‍ 51 പോയിന്റുമായി കുന്നുമ്മല്‍, കൊയിലാണ്ടി ഉപജില്ലകളാണ് ഒന്നാമത്. 48 പോയിന്റുമായി മേലടി രണ്ടാമതും 46 പോയിന്റുമായി വടകര, കൊടുവള്ളി, ബാലുശ്ശേരി, ചേവായൂര്‍ ഉപജില്ലകള്‍ മൂന്നാം സ്ഥാനത്തുണ്ട്.
അറബിക് കലോത്സവം യുപി വിഭാഗത്തില്‍ വടകര, കുന്നുമ്മല്‍ ഉപജില്ലകള്‍ 48 പോയിന്റാടെ ഒന്നാം സ്ഥാനത്താണ്. കോഴിക്കോട് റൂറല്‍, കൊയിലാണ്ടി ഉപജില്ലകള്‍ 46 പോയിന്റാടെ രണ്ടാം സ്ഥാനത്താണ്. 45 പോയിന്റ് നേടി ഫറോക്ക് മൂന്നാം സ്ഥാനത്താണ്.
അറബിക് കലോത്സവം എച്ച്എസ് വിഭാഗത്തില്‍ 69 പോയിന്റൊടെ കോഴിക്കോട് സിറ്റി, കൊടുവള്ളി, നാദാപുരം, കുന്നുമ്മല്‍ , ഫറോക്ക് ഉപജില്ലകള്‍ ഒന്നാം സ്ഥാനത്താണ്. തോടന്നൂര്‍ 68, വടകര 67 ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ട്.