മാനന്തവാടി: ഗവ.മെഡിക്കൽ കോളജിനു ബോയ്സ് ടൗണിലെ ഭൂമി ഉപയോഗപ്പെടുത്തുന്നതിനും പ്രവർത്തനം താത്കാലികമായി ജില്ലാ ആശുപത്രിയിൽ തുടങ്ങുന്നതിനും മുഖ്യമന്ത്രിക്കു നിവേദനം നൽകുന്നതുമായി ബന്ധപ്പെട്ടു മെഡിക്കൽ കോളജ് കർമസമിതി ഓണ്‍ലൈൻ കാന്പയിൻ തുടങ്ങി. കല്ലോടിയിൽ സെന്റ് ജോർജ് ഫൊറോന വികാരി ഫാ.ബിജു മാവറ ഉദ്ഘാടനം ചെയ്തു.
കർമസമിതി ജനറൽ കണ്‍വീനർ കെ.എ. ആന്റണി അധ്യക്ഷത വഹിച്ചു. ജോസ് പള്ളത്ത്, ജീറ്റോ ജോസഫ്, കെ.ജെ. ലോറൻസ്, ഷിജോ ചിറ്റിലപ്പള്ളി, ടോമി മാത്യു, ജോഷി കപ്യാരുമല, മാത്യൂസ് പുതുപ്പറന്പിൽ, ജോസ് മച്ചുകുഴിയിൽ, അനീഷ് കൊച്ചുകുടിയിൽ എന്നിവർ പ്രസംഗിച്ചു. കർമസമിതി പ്രതിനിധികൾ ഒ.ആർ. കേളു എംഎൽഎയുമായി ചർച്ച നടത്തി.
എൽസ്റ്റണ്‍ എസ്റ്റേറ്റ്
ഭൂമി ഏറ്റെടുക്കണമെന്ന്
കൽപ്പറ്റ: വയനാട് ഗവ.മെഡിക്കൽ കോളജ് നിർമാണത്തിനു എൽസ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കണമെന്ന് കൽപ്പറ്റ പൗരസമിതി ഭാരാവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബൈപാസിനോടുചേർന്നാണ് എൽസ്റ്റണ്‍ എസ്റ്റേറ്റ്. മെഡിക്കൽ കോളജിനു യോജിച്ച 50 ഏക്കർ ഇവിടെ ലഭ്യമാണ്. തോട്ടം മാനേജ്മെന്റ് 15 ഏക്കർ സൗജന്യമായും 35 ഏക്കർ വിലയ്ക്കും സർക്കാരിനു നൽകാൻ തയാറാണ്. ഇക്കാര്യം 2020 ഒക്ടോബർ 21ന് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, റവന്യൂമന്ത്രി എന്നിവരെ അറിയിച്ചിരുന്നു.
എന്നാൽ ഈ ഭൂമി പരിശോധിക്കാൻപോലും ഉത്തരവാദപ്പെട്ടവർ തയാറായില്ല. വൈസ് പ്രസിഡന്റ് ജോണി കൈതമറ്റം, ജനറൽ സെക്രട്ടറി സി.പി. ഉമ്മർ, എം. ശങ്കരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കൽപ്പറ്റയ്ക്കും
മീനങ്ങാടിക്കും ഇടയിൽ സ്ഥാപിക്കണമെന്ന്
കൽപ്പറ്റ: വയനാട് ഗവ.മെഡിക്കൽ കോളജ് കൽപ്പറ്റയ്ക്കും മീനങ്ങാടിക്കും ഇടയിൽ സ്ഥാപിക്കണമെന്നു വയാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, ഡയറക്ടർ അഡ്വ.ടി.എം. റഷീദ് എന്നിവർ സർക്കാരിനോടു ആവശ്യപ്പെട്ടു. വയനാടിന്റെ എല്ലാ പ്രദേശങ്ങളിൽനിന്നും ആളുകൾക്കും എളുപ്പം എത്താൻ കഴിയുന്ന സ്ഥലത്താകണം മെഡിക്കൽ കോളജ്.
എംസിഐ നിർദേശപ്രകാരം മെഡിക്കൽ കോളജിന് 20 ഏക്കർ സ്ഥലം മതി. ഇതു കണ്ടെത്തി വിലയ്ക്കുവാങ്ങുന്നതു സർക്കാരിനു ഭാരിച്ച ബാധ്യതയാകില്ല. മധ്യവയനാട്ടിൽ 20 ഏക്കർ സ്ഥലം മെഡിക്കൽ കോളജിനായി വാങ്ങാൻ ഉത്തരവാദപ്പെട്ടവർ സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും ചേംബർ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ജില്ലാ ആശുപത്രി
മെഡിക്കൽ കോളജായി ഉയർത്തണമെന്ന്
മാനന്തവാടി: ജില്ലാ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തണമെന്നു മാനന്തവാടി റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇന്നു മാനന്തവാടിയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നു അറിയിച്ചു.
ജില്ലാ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തുന്നതു വയനാട്ടിലുള്ളവർക്കു പുറമേ സമീപജില്ലകളിലുള്ളവർക്കും ഗുണം ചെയ്യും. ജില്ലാ ആശുപത്രിക്ക് 8.75 ഏക്കർ സ്ഥലമുണ്ട്. അടുത്തുള്ള നല്ലൂർനാട് ആശുപത്രിയിലെ സൗകര്യങ്ങളും മെഡിക്കൽ കോളജിനു ഉപയോഗപ്പെടുത്താം. ബോയ്സ് ടൗണിൽ ആരോഗ്യവകുപ്പിന്റെ കൈവശമുള്ള ഭൂമിയിൽ അനുബന്ധ നിർമാണം നടത്താമെന്നും ഭാരവാഹികൾ പറഞ്ഞു. കെ.ജെ. ജോസ്, ഫിലിപ്പ് ചാണ്ടി, രമേശൻ, ബാബു ഫിലിപ്പ്, പി.കെ. മനോജ്, ഏബ്രഹാം, രാജൻ ഒഴുകയിൽ, ബാബു തോമസ് എന്നിവർ പങ്കെടുത്തു.