കൽപ്പറ്റ: ഇന്ധന വിലക്കയറ്റത്തിൽ ബിജെപിക്കും കോണ്‍ഗ്രസിനും തുല്യ ഉത്തരവാദിത്തമാണെന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. സിപിഎം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥയുടെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പെട്രോൾ വില ലിറ്ററിനു 50 രൂപയാക്കുമെന്നു വാഗ്ദാനം ചെയ്താണ് ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയത്. ഇന്നത് നൂറു രൂപയിൽ എത്തി. ഡീസലിനും വലിയ വ്യത്യാസമില്ല. പാചകവാതകം സിലിണ്ടറിന് 300 രൂപയായിരുന്നതു 816 രൂപയായി. കഴിഞ്ഞദിവസം 25 രൂപ കൂടി വർധിപ്പിച്ചു. ഈ കൊള്ളയിൽനിന്നു കോണ്‍ഗ്രസിനു ഒഴിഞ്ഞ് മാറാനാവില്ല. സർക്കാർ നിയന്ത്രണത്തിലായിരുന്ന വിലനിർണയം ഓയിൽ കന്പനികളെ ഏൽപ്പിച്ചത് കോണ്‍ഗ്രസാണ്.
രാഹുൽഗാന്ധി വയനാട്ടുകാരെ വഞ്ചിക്കുകയാണ്. ഡൽഹിയിൽ കർഷകർ മാസങ്ങളായി സമരത്തിലാണ്. അവിടേക്കു തിരിഞ്ഞുനോക്കാർ രാഹുൽ തയാറായില്ല. എന്നാൽ വയനാട്ടിൽ ട്രാക്ടർ റാലി നടത്തി. ഇതു കാപട്യമാണെന്നും ജയരാജൻ പറഞ്ഞു. സി.കെ. ശിവരാമൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. ഗാഗാറിൻ, സി.കെ. ശശീന്ദ്രൻ എംഎൽഎ, കെ. റഫീഖ്, എം. മധു, സി.എച്ച്. മമ്മി, പി.എ. മുഹമ്മദ്, കെ. സുഗതൻ, വി. ഉഷാകുമാരി, എം. സെയത്, എം.ഡി. സെബാസ്റ്റ്യൻ, വി.എൻ. ഉണ്ണികൃഷ്ണൻ, വി. ഹാരിസ്, പി.എം. സന്തോഷ്, പി.ആർ. നിർമല, സന്തോഷ്കുമാർ, സി. ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.