കൽപ്പറ്റ: കുടുംബശ്രീ ജനകീയ ഹോട്ടലുകളിലെ ഭക്ഷണ വിഭവങ്ങൾ ഏകീകരിച്ചു. ജില്ലയിൽ പ്രവർത്തിക്കുന്ന 24 ജനകീയ ഹോട്ടലുകളിലും എട്ടുമുതൽ ഒരേതരം വിഭവങ്ങൾ വിതരണം ചെയ്യുമെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു.
തിങ്കളാഴ്ച്ച ചോറ്, സാന്പാർ, മീൻകറി, ചീരത്തോരൻ, അച്ചാർ എന്നിവയും ചൊവ്വാഴ്ച്ച ചോറ്, പുളിശേരി, മീൻകറി, മെഴുക് പുരട്ടി, ചമ്മന്തി എന്നിവയും ബുധനാഴ്ച്ച ചോറ്, പരിപ്പുകറി, മീൻകറി, അച്ചിങ്ങപയർതോരൻ, അച്ചാർ, പായസം എന്നിവയും വ്യാഴാഴ്ച്ച ചോറ്, സാന്പാർ, മീൻകറി, നാടൻ വിഭവം, ചമ്മന്തി, വെള്ളിയാഴ്ച്ച ചോറ്, സാന്പാർ, മീൻകറി, മത്തങ്ങ+പയർ ചേന +പയർ എന്നിവയിൽ ഏതെങ്കിലും ഒന്ന് ശനിയാഴ്ച്ച ചോറ്, മുരിങ്ങ/ചീര പരിപ്പുകറി, മീൻകറി, കൂട്ടുകറി, അച്ചാർ എന്നിവയും ഞായർ ചോറ്, സാന്പാർ, മീൻകറി, പച്ചടി, ചമന്തി, പായസം, നാടൻ വിഭവങ്ങളിൽ വാഴച്ചുണ്ട്, ഇടിച്ചക്ക, പപ്പായ, വാഴക്കാന്പ് തുടങ്ങിയ ഉൾപ്പെടുത്തും.
ഹോട്ടലുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി കുടുംബശ്രീ മിഷൻ നൽകിയ പെർഫോമൻസ് ഇംപ്രൂവ്മെന്റ് പരിശീലനത്തിന്റെ ഫലമായാണ് വിഭവങ്ങളിൽ ഏകീകരണം സാധ്യമായത്. കുടുംബശ്രീ ജനകീയ ഹോട്ടലുകൾ കെട്ടിലും മട്ടിലും മാറ്റം വരുത്തി ഗുണനിലവാരം ഉയർത്തി ബ്രാൻഡ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ഹോട്ടൽ ജീവനക്കാരുടെ യൂണിഫോമുകൾ ഏകീകരിച്ചു. മറുനാടൻ പച്ചക്കറികൾക്ക് പകരം പരമാവധി നാടൻ പച്ചക്കറികൾ ഉപയോഗിക്കുന്നതിന് നിർദ്ദേശം നൽകി. ഇതിനായി കുടുംബശ്രീ സംഘകൃഷി യൂണിറ്റുകളിൽ നിന്നും പച്ചക്കറികൾ സംഭരിച്ച് ജനകീയ ഹോട്ടലുകൾക്ക് നൽകും. സംസ്ഥാന സർക്കാരിന്റെ വിഷപ്പു രഹിത കേരളം പദ്ധതിലുൾപ്പെടുത്തി 24 ജനകീയ ഹോട്ടലുകൾ നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.
പ്രതിദിനം ആറായിരത്തോളം ഗുണഭോക്താക്കൾ ഈ സേവനം പ്രയോജനപ്പെടുത്തുന്നു. 20 രൂപയാണ് ഉച്ചയൂണിന് ഗുണഭോക്താവിൽ നിന്നും ഈടാക്കുന്നത്. 10 രൂപ സബ്സിഡിയായി സർക്കാർ കുടുംബശ്രീ മിഷൻ വഴി സംരംഭകർക്ക് നൽകും.