പുൽപ്പള്ളി: മൃഗചികിത്സാ സേവനം പരിമിതമായ പുൽപ്പള്ളിയിലെ വനാതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് വന്ധ്യതാനിവാരണ മൃഗചികിത്സാ ക്യാന്പുകൾ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുൽപ്പള്ളി മൃഗാശുപത്രിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാംഘട്ട ക്യാംന്പ് വനമേഖലയിലെ കാർഷിക പൈതൃക ഗ്രാമമായ ചേകാടിയിൽ നടന്നു. തുടർന്ന് വണ്ടിക്കടവ്, പാക്കം, അമരക്കുനി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ക്യാന്പുകൾ സംഘടിപ്പിക്കും.
പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്ത്, പൂക്കോട് വെറ്ററിനറി സർവകലാശാല, പുൽപ്പള്ളി ക്ഷീരോൽപാദക സഹകരണ സംഘം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അറുപതോളം പശുക്കളെ കർഷകർ ക്യാന്പിൽ എത്തിച്ചു. സൗജന്യ മരുന്നു വിതരണവും കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങളും ക്യാന്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം രാജു തോണിക്കടവ് ഉദ്ഘാടനം ചെയ്തു. ബൈജു നന്പിക്കൊല്ലി അധ്യക്ഷത വഹിച്ചു. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർമാരായ ഡോ.പി. പ്രമോദ്, ഡോ. അബ്ദുൽ അസീസ്, ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഡോ.എ.വി. പ്രകാശൻ, പുൽപ്പള്ളി മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ ഡോ.കെ.എസ്. പ്രേമൻ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരായ എ.കെ. രമേശൻ, വി.ടി. ഗോപിനാഥ്, എം.ആർ. ബിന്ദു, പി.കെ. രതീഷ്, സി.ഡി. റോഷ്ന, ജീവനക്കാരായ വി.എം. ജോസഫ്, പി.ആർ. സന്തോഷ് കുമാർ, ജയ സുരേഷ്, പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ പതിനഞ്ചോളം ബിരുദ ബിരുദാനന്തര വിദ്യാർഥികൾ തുടങ്ങിയവർ വന്ധ്യതാ ചികിത്സാ ക്യാന്പിന് നേതൃത്വം നൽകി.