കൽപ്പറ്റ: ജില്ലാതല നാലാം തരം, ഏഴാം തരം തുല്യതാ ചോദ്യ പേപ്പർ വിതരണം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷന്റെ നാലാം തരം തുല്യത പതിനാലാം ബാച്ച് പരീക്ഷ 14നും ഏഴാം തരം തുല്യത പതിനഞ്ചാം ബാച്ച് പരീക്ഷ 14, 15 തീയതികളിലും നടക്കും. ചോദ്യ പേപ്പർവിതരണം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു പ്രേരക് ബബിത മോൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ, സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ സ്വയ നാസർ എന്നിവർ പ്രസംഗിച്ചു.
നാലാം തരത്തിന് ജില്ലയിൽ 270 പഠിതാക്കളും ഏഴാം തരത്തിന് 96 പഠിതാക്കളും പരീക്ഷ എഴുതും. നാലാം തരം 36 കേന്ദ്രങ്ങളിലും ഏഴാം തരം ആറ് സ്കൂളുകളിലുമാണ് പരീക്ഷ. ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂൾ, മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വിജയ ഹയർ സെക്കൻഡറി സ്കൂൾ പുൽപ്പള്ളി, ഗവ. യുപി സ്കൂൾ കന്പളക്കാട്, ഗവ. യുപി സ്കൂൾ മാനന്തവാടി എന്നിവയാണ് ഏഴാംതരം തുല്യതാ പരീക്ഷ കേന്ദ്രങ്ങൾ.
നാലാംതരം തുല്യത 14ന് മലയാളം, നമ്മളും നമുക്ക് ചുറ്റും, ഗണിതം, ഇംഗ്ലീഷ് വാചാ പരീക്ഷയും ഏഴാംതരം തുല്യത 14ന് മലയാളം, ഇംഗ്ലീഷ്, ഹിന്ദിയും 15ന് സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്ന ടൈംടേബിൾ പ്രകാരമാണ് പരീക്ഷ നടക്കുക.
പഠിതാക്കൾ രാവിലെ ഒന്പതിന് അഡ്മിഷൻ ടിക്കറ്റുമായി അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരണമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ അറിയിച്ചു.