കൽപ്പറ്റ: ജില്ലയിലെ പ്രധാന ജലസ്രോതസായ കബനി നദി പുനരുജ്ജീവനത്തിന്റെ ഭാഗമായി കർമ പദ്ധതി തയാറാക്കുന്നതിനായി ഹരിത കേരളം മിഷൻ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പാരിസ്ഥിതിക സംരക്ഷണവും അനിവാര്യമായ കാലഘട്ടമാണിതെന്ന് ശിൽപശാല ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ പറഞ്ഞു. വയനാടിന്റെ വരദാനമാണ് കബനി നദി. പുഴയെ വരുംകാലത്തിനായി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്.
സാങ്കേതിക സമിതിയിലും ഏകോപന സമിതിയിലും ഉൾപ്പെട്ട അംഗങ്ങളുടെ നേതൃത്വത്തിൽ കബനി നദി പുനരുജ്ജീവനം, കൃഷി, ടൂറിസം, മാലിന്യ സംസ്കരണം തുടങ്ങി അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് കബനി പുനരുജീവനത്തിന്റെ സാധ്യതകളെക്കുറിച്ചും നിലവിലെ അവസ്ഥകളെക്കുറിച്ചും ശിൽപശാല ചർച്ച ചെയ്തു.പച്ചപ്പ് കോർഡിനേറ്ററും മുൻ എംഎൽഎയുമായ സി.കെ.ശശീന്ദ്രൻ, എഡിഎം എൻ.ഐ.ഷാജു, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ. സുരേഷ് ബാബു, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സണ്‍ രവിചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
നവകേരളം കർമ്മ പദ്ധതി കണ്‍സൾട്ടന്റ് ടി.പി.സുധാകരൻ, കണ്‍സൾട്ടന്റ് രാജേന്ദ്രൻ എന്നിവർ വിഷയാവതരണം നടത്തി.
കബനിയുടെ കൈവഴികൾ കടന്നു പോകുന്ന 14 ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, മാനന്തവാടി നഗരസഭ ചെയർപേഴ്സണ്‍, മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഉദ്യോഗസ്ഥർ, ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍മാർ, ജില്ലാ സാങ്കേതിക സമിതി ഉദ്യോഗസ്ഥർ, ജില്ലാ ഏകോപനസമിതി ഉദ്യോഗസ്ഥർ തുടങ്ങിയവർ ശിൽപശാലയിൽ പങ്കെടുത്തു.