കൽപ്പറ്റ: കൃഷി വകുപ്പ് ജനുവരി നാലു മുതൽ എട്ടു വരെ തൃശൂരിൽ നടത്തുന്ന വൈഗ(വാല്യു അഡിഷൻ ഫോർ ഇൻകം ജനറേഷൻ ഇൻ അഗ്രികൾച്ചർ)അന്തർദേശീയ ശിൽപശാലായ്ക്കും പ്രദർശനത്തിനും മുന്നോടിയായി ജില്ലയിൽ പ്രീ വൈഗ സംഘടിപ്പിക്കുന്നു. 23, 24 തിയതികളിൽ പുളിയാർമല കൃഷ്ണഗൗഡർ ഹാളിലാണ് പരിപാടി.
സെമിനാറുകൾ, പ്രദർശനം, സംരംഭക മീറ്റ് എന്നിവ പ്രീ വൈഗയുടെ ഭാഗമാണെന്നു സംഘാടക സമിതി ഭാരവാഹികളായ മുനിസിപ്പൽ ചെയർപേഴ്സണ് സനിത ജഗദീഷ്, ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി. സുരേഷ്, കഷി അസിസ്റ്റന്റ് ഡയറക്ടർ അജയ് അലക്സ്, വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ മെംബർ കൃഷ്ണമനോഹർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലെ കർഷകരുടെ മുഖ്യ ഉപജീവനമാർഗമായ കാപ്പികൃഷി മുഖ്യപ്രമേയമാക്കി വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് പ്രീ വൈഗയുടെ സംഘാടനം. 23നു രാവിലെ 10നു കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. സി.കെ. ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം ഒ.ആർ. കേളു എംഎൽഎ നിർവഹിക്കും.
തിരുനെല്ലി പഞ്ചായത്തിനുള്ള ജൈവകൃഷി പുരസ്കാരം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ സമ്മാനിക്കും. പാരന്പര്യ കർഷകൻ ചെറുവയൽ രാമനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ സിഡി ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ പ്രകാശനം ചെയ്യും. കാപ്പികൃഷി നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രശാന്ത് രാജേഷ് പ്രഭാഷണം നടത്തും.
24നു വൈകുന്നേരം നാലിനു സമാപന സമ്മേളനം ജല വിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. അന്പലവയൽ കാർഷിക കോളജ്, കൃഷി വിജ്ഞാന കേന്ദ്രം, ഡോ.എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ ഗവേഷണ നിലയം, ആത്മ വയനാട്, പാലക്കാട് മില്ലറ്റ് വില്ലേജ്, ഫിഷറീസ് വകുപ്പ്, വാസുകി, ബ്രഹ്മഗിരി ഡവലപ്പ്മെന്റ് സൊസൈറ്റി, ഉറവ് എന്നിവയുടെയും മൂല്യവർധിത ഉത്പന്ന സംരംഭകരുടേതുമായി 40 സ്റ്റാളുകൾ പ്രദർശന നഗരിയിൽ ഉണ്ടാകും.
കാപ്പികൃഷിയിലെ ആധുനികവത്കരണം, കാപ്പിയുടെ മൂല്യവർധിത ഉത്പന്നങ്ങൾ, കാപ്പികൃഷിയിലെ ക്ലോണൽ പ്രജനന രീതി, കുറ്റിക്കുരുമുളക് ഉത്പാദനം, കുരുമുളക് കയറ്റുമതി: നയങ്ങളും സാധ്യതകളും, ഫാം ടൂറിസം, പഴവർഗങ്ങളുടെ സംസ്കരണവും മൂല്യവർധിത ഉത്പന്നങ്ങളും, കാപ്പിത്തോട്ടങ്ങളിലെ അവാക്കാഡോ, ഡ്രാഗണ് ഫ്രൂട്ട്, മാങ്കോസ്റ്റിൻ കൃഷി എന്നീ വിഷയങ്ങളിലാണ് രണ്ടു ദിവസങ്ങളിലായി സെമിനാർ.
ഓരോ വിഷയത്തിലും 150 വീതം കർഷകർ പങ്കെടുക്കും. പ്രീ വൈഗ വിളംബരം ചെയ്ത് ഇന്നുച്ചകഴിഞ്ഞു 3.30നു പുതിയസ്റ്റാൻഡിൽനിന്നു കനറ ബാങ്ക് പരിസരം വരെ ജാഥ നടത്തും.