ഗൂഡല്ലൂർ: ഗൂഡല്ലൂർ 110 കെവി സബ് സ്റ്റേഷൻ ആക്ഷൻ കമ്മിറ്റി ഒരു ലക്ഷം നിവേദനങ്ങൾ സമർപ്പിക്കും. 2021 ജനുവരി നാല്, അഞ്ച് തിയതികളിലാണ് ഓണ്ലൈൻ വഴി നിവേദനങ്ങൾ അയക്കുക. തമിഴ്നാട് മുഖ്യമന്ത്രി, വൈദ്യുതി ബോർഡ് ചെയർമാൻ, ജില്ലാ കളക്ടർ എന്നിവർക്കാണ് നിവേദനങ്ങൾ നൽകുന്നത്. ഗൂഡല്ലൂരിലെ 66 കെവി സബ് സ്റ്റേഷൻ 110 കെവി സബ് സ്റ്റേഷനാക്കി മാറ്റുക, ഗൂഡല്ലൂർ മണ്ഡലത്തിലെ പത്തായിരം വീടുകൾക്ക് വൈദ്യുതി കണക്ഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകുക.
110 കെവി സബ് സ്റ്റേഷൻ എന്നത് 1990 മുതൽ താലൂക്കിലെ ജനങ്ങളുടെ ആവശ്യമാണ്. ഉൗട്ടി ഗ്ലൻമാർഗനിൽ നിന്ന് ഗൂഡല്ലൂരിലേക്ക് ടവർ, വയറുകൾ വലിക്കുന്ന ജോലി ഏകദേശം 40 ശതമാനം പൂർത്തിയായിരുന്നതാണ്. പിന്നീട് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഉൗട്ടിയിൽ നിന്ന് ഗൂഡല്ലൂരിലേക്കുള്ള യാത്രാ മധ്യേ നിഡിൽറോക്കിനടുത്ത് തവളമല കാഴ്ചക്കടുത്തുള്ള മാത എസ്റ്റേറ്റിനടുത്തുള്ള ടവറിൽ നിന്ന് നേരിട്ട് സർവേ നടത്തി. തോട്ടമൂല, ഏഴുമുറം പാലത്തിനു സമീപം സ്ഥാപിച്ച ടവറുമായി ബന്ധിപ്പിക്കാൻ കഴിയും. ഇതുവഴി 110 കെവി സബ് സ്റ്റേഷൻ ലൈൻ കൊണ്ടുപോയാൽ സർക്കാരിന് പണം ലാഭം ലഭിക്കുകയും ചെയ്യാം. ഇതുമായി ബന്ധപ്പെട്ട് ഗൂഡല്ലൂരിൽ നടന്ന കൂടിയാലോചനാ യോഗത്തിൽ ചെയർമാൻ എൻ. വാസു അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുൽഫിക്കറലി, വി.കെ. ഹനീഫ, സബാദ്, വേലായുധൻ, കൃപാനന്ദൻ, ദിലീപ്, സവിൽനാഥ്, സത്യനേശൻ, യാസീൻ, ആനന്ദരാജ, രാജേന്ദ്രൻ, നൗഷി, അഫ്സൽ, അണ്ണാമണി, രാജ്കുമാർ തുടങ്ങിയവർ സംബന്ധിച്ചു. അടുത്ത മാസം 21ന് ഗൂഡല്ലൂർ-പന്തല്ലൂർ താലൂക്കുകളിൽ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.