സുൽത്താൻ ബത്തേരി: ജില്ലയിലെ കർഷകർക്കനുകൂലമായ പ്രഖ്യാപനങ്ങളുമായി കർഷക മുന്നണി പ്രകടന പത്രിക പുറത്തിറക്കി. ജില്ലയിൽ ജില്ലാ- ബ്ലോക്ക് ഡിവിഷൻ, നഗരസഭ, ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലേക്കായി 17 സീറ്റുകളിലാണ് കാർഷിക പുരോഗമന സമിതി പിന്തുണയ്ക്കുന്ന കർഷക മുന്നണി സ്ഥാനാർഥികൾ മത്സരിക്കുന്നത്. ജില്ലയിൽ ഉടനീളം ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കും, ഡോക്ടർമാർ, വക്കീലൻമാർ എന്നിവരെപോലെ കർഷകർക്ക് ഐഡിന്റിറ്റി നിലനിർത്താൻ എംബ്ലം ഉപയോഗിക്കാനുള്ള നടപടി സ്വീകരിക്കും, നേന്ത്രക്കായയുടെ തറവില 30 രൂപയായി ഏകീകരിക്കാൻ കർഷക മുന്നണി നേതൃത്വം നൽകും, കാടും നാടും വേർതിരിക്കാനുള്ള നടപിടികൾ ശക്തമാക്കുകയും പന്നിയുൾപ്പടെയുള്ള മൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കും, ജനുവരിമുതൽ ജൈവ അരിയും മറ്റ് ഉൽപന്നങ്ങളും പുറത്തിറക്കും, കർഷകർക്ക് സ്വയം വരുമാനം ഉണ്ടാക്കുന്ന നൂതനമായ പദ്ധതികൾക്ക് രൂപം നൽകുകയും വിപണി കണ്ടെത്തുകയും ചെയ്യും.
കർഷകരുടെ ഉൽപന്നങ്ങൾ വിൽക്കാൻ കൊളഗപ്പാറയിൽ വിപണ കേന്ദ്രം ആരംഭിക്കും, കടുവ സങ്കേതം- ബഫർ സോണ്‍ പ്രഖ്യാപനം എന്നിവക്കെതിരെ പോരാട്ടം ശക്തമാക്കും, ആദിവാസികളെ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിൽ ഉൽക്കൊള്ളിച്ചിരിക്കുന്നത്.
കൂടാതെ വന്യമൃഗശല്യത്തിന് സമയബന്ധിതമായി പരിഹാരം കാണുക,ബഫർ സോണ്‍, പരിസ്ഥിത ലോല പ്രദേശം എന്നിവയുടെ പേരിൽ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ അവസാനിപ്പിക്കുക, രാത്രികാല ഗതാഗത നിരോധനം പിൻവലിക്കുക തുടങ്ങി 20 ആവശ്യങ്ങളും സർക്കാറിനുമുന്നിൽ കർഷക മുന്നണി ഉന്നയിച്ചിട്ടുണ്ട്. ബത്തേരി പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രകടന പത്രിക, കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി.എം. ജോയി, എഫ്ആർഎഫ് സംസ്ഥാന ട്രഷറർ ടി. ഇബ്രാഹിമിന് നൽകി പുറത്തിറക്കി. തുടർന്ന് നടന്ന വാർത്താസമ്മേളനത്തിൽ നേതക്കളായ ഡോ. പി. ലക്ഷ്മണൻ, തോമസ്, കെ.പി. യൂസഫ് ഹാജി തുടങ്ങിയവരും സംബന്ധിച്ചു.