വെള്ളരിക്കുണ്ട്: ശമ്പള പരിഷ്കരണം, ക്ഷാമബത്ത, ആരോഗ്യ ഇൻഷ്വറൻസ് തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം കവർന്നെടുക്കുന്നതിനെതിരേ സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കുൾപ്പെടെയുള്ള സമരമാർഗങ്ങളിലേക്ക് കടക്കുകയാണെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ പറഞ്ഞു.
വെള്ളരിക്കുണ്ട് വ്യാപാരഭവൻ ഹാളിൽ എൻജിഒഅസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ജീവനക്കാരുടെ അഞ്ച് ഗഡു ക്ഷാമബത്ത കുടിശികയാണ്. ശമ്പളം പരിഷ്കരിച്ചിട്ട് ഏഴ് വർഷം പിന്നിടുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാർ അനുവദിച്ച ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ഈ സർക്കാർ നടപ്പാക്കിയില്ല. ഭവന വായ്പാ പദ്ധതി നിർത്തലാക്കി. ശമ്പളം തന്നെ പല തവണ പിടിച്ചെടുക്കുകയും ലീവ് സറണ്ടർ മരവിപ്പിക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മറുവശത്ത് പിൻവാതിലിലൂടെ വ്യാപകമായി കരാർ നിയമനങ്ങൾ നടത്തുകയാണ്. പങ്കാളിത്ത പെൻഷൻകാരുടെ നിരവധി ആനുകൂല്യങ്ങൾ കവർന്നെടുക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി.ദാമോദരൻ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, എ. രാജശേഖരൻ നായർ , കെ. രാജേഷ് ഖന്ന, ടി.ജി. രഞ്ജിത്ത്, കെ.സി. സുജിത്ത് കുമാർ, സുരേഷ് പെരിയങ്ങാനം, വി. ഹനീഫ, സുരേഷ് കൊട്രച്ചാൽ, ഇ. മീനാകുമാരി, കെ.എം. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. കെ. അശോക് കുമാർ സ്വാഗതവും വി.ടി.പി. രാജേഷ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി വി. ദാമോദരൻ (പ്രസിഡന്റ്), ബ്രിജേഷ് പൈനി, ആർ. മധുസൂദനൻ, എം.വി. നിഗീഷ്, എ. ഗിരീഷ് കുമാർ (വൈസ് പ്രസിഡന്റുമാർ), കെ. അശോക് കുമാർ (സെക്രട്ടറി), എം. മാധവൻ നമ്പ്യാർ , വി.എം. രാജേഷ് , വൈ. ഹരീഷ്, റനിൽസൺ. കെ.തോമസ് (ജോയിന്റ് സെക്രട്ടറിമാർ), വി.ടി.പി. രാജേഷ് (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.