നീലേശ്വരം: ദേശീയ, അന്തർദേശീയ തലത്തിൽ ടീം ഇനങ്ങളിൽ മെഡൽ നേടിയവർക്ക് കായിക വകുപ്പിൽ തന്നെ ജോലി നൽകുമെന്ന് കായികമന്ത്രി ഇ.പി. ജയരാജൻ. നീലേശ്വരം ഇഎംഎസ് സ്റ്റേഡിയം ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. 2010 മുതൽ 14 വരെ ദേശീയ, അന്തർദേശീയ തലത്തിൽ വ്യക്തിഗത ഇനത്തിൽ മെഡൽ നേടിയ മുഴുവൻ പേർക്കും ജോലി നൽകിയതായി മന്ത്രി പറഞ്ഞു. ഇനി 2014 മുതൽ 2019 വരെ ദേശീയ, അന്തർദേശീയ തലത്തിൽ വ്യക്തിഗത ഇനത്തിൽ മെഡൽ നേടിയവർക്ക് ഒരു വർഷം 50 പേർക്ക് വീതം ജോലി നൽകും. ഇതിന്റെ നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം. രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ വിശിഷ്ടാതിഥിയായി.
കായിക യുവജന കാര്യാലയം പ്രോജക്ട് എൻജിനീയർ എ. അഭിജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
നഗരസഭാ ചെയർപേഴ്സൺ ടി.വി. ശാന്ത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, കൗൺസിലർ വി.വി. ശ്രീജ, മുൻ എംപി പി. കരുണാകരൻ, മുൻ എംഎൽഎ കെ. കുഞ്ഞിരാമൻ, രാഷ്ട്രീയ കക്ഷി നേതാക്കളായ എം.വി. ബാലകൃഷ്ണൻ, കെ.വി. സുധാകരൻ, പി. വിജയകുമാർ, വെങ്ങാട്ട് കുഞ്ഞിരാമൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, സി. ബാലൻ, സുരേഷ് പുതിയേടത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, റസാഖ് പുഴക്കര എന്നിവർ പ്രസംഗിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ സ്വാഗതവും കിറ്റ്കോ ഗ്രൂപ്പ് ഹെഡ് ജി. രാകേഷ് നന്ദിയും പറഞ്ഞു.