കാസർഗോഡ്: ജില്ലയിലെ ടൂറിസം മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും തൊഴിൽ സാധ്യതയും വികസനവും ലക്ഷ്യമാക്കിയുള്ള പദ്ധതികൾ രൂപപ്പെടുത്തിയെടുക്കുന്നതിനുമായി രൂപീകരിച്ച ചന്ദ്രഗിരി ഇക്കോ ടൂറിസം കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വ ത്തിൽ എരിഞ്ഞി പുഴ ഒളിയത്തടുക്കയിൽ പൊലിയംതുരുത്തി ഇക്കോ ടൂറിസം വില്ലേജ് നിർമിക്കുന്നു. ചന്ദ്രഗിരി പുഴ അതിരിടുന്ന ആറേക്കറോളം വരുന്ന തുരുത്തിലാണ് വില്ലേജിന്റെ നിർമാണം ആരംഭിക്കുന്നത്. പുഴയുടെയും വനത്തിന്റെയും പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന ടൂറിസം വില്ലേജ് ജില്ലയിൽതന്നെ ആദ്യത്തെ താണ്. പൂർണമായും പരിസ്ഥിതി സൗഹാർദമായാണ് ടൂറിസം വില്ലേജിന്റെ നിർമാണം.
പുഴയുടെയും വനത്തിന്റെയും വശ്യമനോഹാരിത ദൃശ്യങ്ങൾ കാണുന്നതിനുള്ള ഫുട്പാത്ത് സൈക്കിൾ ടോക്ക്, ആംഫി തിയറ്റർ, വാച്ച് ടവർ, കോട്ടേജുകൾ, ഗസ്റ്റ് ഹൗസ്, ഫാം ഹൗസ്, ഓഡിറ്റോറിയം, ഡോർമെറ്ററി, റസ്റ്റോറന്റ്, കുട്ടികളുടെ പാർക്ക് എന്നിവയ്ക്കൊപ്പം കാറ്റിൽ ഫാം, വെജിറ്റബിൾ ഫാം എന്നിവയും പൊലിയംതുരുത്തിൽ ഉയർന്നു വരും. കാസർഗോഡിന്റെ തനത് പാരമ്പര്യം വ്യക്തമാക്കുന്ന കരകൗശല കൈത്തറി സ്റ്റാളുകളും ടൂറിസം വില്ലേജിൽ ഒരുക്കും. നിർമാണ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് പൊലിയം തുരുത്തിയിൽ സി.എച്ച്. കുഞ്ഞമ്പു എംഎൽഎ നിർവഹിക്കും.
ഒന്നാംഘട്ടം ഈ വർഷം ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കും. പൊലിയം തുരുത്ത് ഇക്കോ വില്ലേജിന്റെ പ്രൊമോ വീഡിയോ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ കാസർഗോഡ് വികസന പാക്കേജ് സ്പെഷൽ ഓഫീസർ ഇ.പി. രാജ്മോഹൻ, ബ്രോഷർ നടൻ സുബീഷ് സുധി എന്നിവർ പ്രകാശനം ചെയ്തു. സിറ്റ്കോസ് പ്രസിഡന്റ് സിജി മാത്യു, പ്രസ് ക്ലബ് സെക്രട്ടറി കെ.വി. പത്മേഷ്, ആർകിടെക്ട് ലക്ഷ്മിദാസ്, കെ. ദാമോദരൻ, കെ. ശങ്കരൻ, ബി.കെ. നാരായണൻ, കെ. വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.