പ​രി​ശോ​ധ​ന ഊ​ര്‍​ജി​ത​മാ​ക്കി സെ​ക്‌ടര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍; ഇതുവരെ 1,080 കേ​സു​ക​ള്‍
Tuesday, October 20, 2020 12:53 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്താ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല​ത്തി​ല്‍ നി​യ​മി​ത​രാ​യ സെ​ക്‌ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ വ്യാ​പ​ക​മാ​ക്കി. ഇ​തേ​ത്തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 1,080 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
ശ​രി​യാ​യ രീ​തി​യി​ല്‍ മാ​സ്‌​ക് ധ​രി​ക്കാ​ത്ത 74 പേ​ര്‍​ക്കെ​തി​രേ​യും പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി കൂ​ട്ടം​കൂ​ടി​യ​തി​ന് നാ​ലു​പേ​ര്‍​ക്കെ​തി​രേ​യും നി​ര്‍​ദേ​ശം ലം​ഘി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച മൂ​ന്ന് ക​ട​ക​ള്‍​ക്കെ​തി​രെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ പ്ര​വ​ര്‍​ത്തി​ച്ച ഏ​ഴു​ക​ട​ക​ള്‍​ക്കെ​തി​രെ​യും അ​ട​ക്കം 94 കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ ചാ​ര്‍​ജ് ചെ​യ്ത​ത്.
റോ​ഡു​ക​ളി​ല്‍ തു​പ്പ​ല്‍, ക്വാ​റ​ന്‍റൈ​ന്‍ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ക്ക​ല്‍, നി​രോ​ധ​നാ​ജ്ഞാ ലം​ഘ​നം, ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ല്‍ അ​നു​മ​തി​യി​ല്ലാ​ത്ത ക​ട​ക​ള്‍ തു​റ​ക്ക​ല്‍, ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളി​ല്‍ പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ് കേ​സു​ക​ള്‍ ചാ​ര്‍​ജ് ചെ​യ്ത മ​റ്റ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ള്‍. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​രാ​യ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍​മാ​രെ എ​ക്‌​സി​ക്യൂ​ട്ടീ​വ് മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ അ​ധി​കാ​ര​ങ്ങ​ളോ​ടെ​യാ​ണ് സെ​ക്ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ 51 സെ​ക്‌ടറ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രാ​ണ് ഉ​ള്ള​ത്. 38 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഓ​രോ അ​ധ്യാ​പ​ക​രും ന​ഗ​ര​സ​ഭ​ക​ളി​ല്‍ നാ​ലു​വീ​തം അ​ധ്യാ​പ​ക​രെ​യു​മാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി നി​യ​മി​ച്ച​ത്.