കൊട്ടാരക്കര: എഴുകോൺ പോലീസ് സ്റ്റേഷന് പുതിയ ബഹുനില മന്ദിരം നിർമിക്കുന്നതിന് 1.65 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഐഷാപോറ്റി എംഎൽഎ അറിയിച്ചു. സെല്ലാർ നിലയിൽ പുരുഷ-വനിതാ പോലീസുകാർക്ക് പ്രത്യേക വിശ്രമമുറികൾ, ഭോജനശാല, ശുചിമുറികൾ, പ്രഥമശുശ്രുഷക്ക് വേണ്ട സ്ഥലം, മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗം എന്നിവ ക്രമീകരിക്കും.
ഗ്രൗണ്ട് ഫ്ലോറിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ, ക്രമസമാധാന ചുമതലയുടെ സബ് ഇൻസ്പെക്ടർ എന്നിവർക്കുള്ള പ്രത്യേക ക്യാബിനുകൾ, ഹെഡ്കോൺസ്റ്റബിൾമാരുടെയും റൈറ്റർമാരുടെയും മുറികൾ, സ്ത്രീകൾ, പുരുഷന്മാർ, ട്രാൻസ് ജൻഡറുകൾ എന്നിവർക്കുള്ള പ്രത്യേക ലോക്കപ്പുകൾ, സിസിറ്റിവി കൺട്രോൾ മുറി, വയർലെസ് മുറി, സന്ദർശകരുടെ വിശ്രമമുറികൾ പ്രത്യേക ശുചിമുറികൾ എന്നിവയുമുണ്ടാകും.
ഒന്നാംനിലയിൽ ക്രൈം സബ് ഇൻസ്പെക്ടറുടെ കാബിൻ, സാക്ഷികളുടെ വിസ്താരമുറി, റിക്കാർഡ് മുറി, റഫറൻസ് ലൈബ്രറി, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ശുചിമുറികൾ, റീക്രീയേഷൻ റൂം എന്നിവയുമാണ് സജ്ജീകരിക്കുക.
എഴുകോൺ പോലീസ് സ്റ്റേഷൻ ദീർഘനാളായി അതീവ ശോച്യാവസ്ഥയിലുള്ള പഴയ കെട്ടിടത്തിൽ വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു. പോലീസ് സ്റ്റേഷൻ നിർമാണത്തിനായി ഇറിഗേഷൻ വകുപ്പിന്റെ അധീനതയിൽ എഴുകോൺ ടെക്നിക്കൽ സ്കൂളിന് സമീപം വെറ്റിലക്കോണത്തുതുള്ള 20 സെന്റ് സ്ഥലം ലഭ്യമാക്കി ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു.
നിർമാണച്ചുമതലയുള്ള ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനോട് നിർമാണപ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു.