വ​രു​മാ​ന​മു​റ​പ്പാ​ക്കാ​ന്‍ മൃ​ഗ​പ​രി​പാ​ല​ന പ​രി​ശീ​ല​നം സംഘടിപ്പിച്ചു
Wednesday, December 8, 2021 11:42 PM IST
കൊട്ടിയം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മൃ​ഗ​പ​രി​പാ​ല​നത്തി​ലൂ​ടെ വ​രു​മാ​നം ക​ണ്ടെ​ത്താ​നു​ള​ള വ​ഴി​തു​റ​ന്ന് പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ കൊ​ട്ടി​യം പ​രി​ശീ​ല​ന കേ​ന്ദ്രം. കാ​ലി വ​ള​ര്‍​ത്ത​ല്‍, മു​ട്ട​ക്കോ​ഴി, ഇ​റ​ച്ചി​ക്കോ​ഴി, കാ​ട, മു​യ​ല്‍, ആ​ടു​വ​ള​ര്‍​ത്ത​ല്‍ തു​ട​ങ്ങി അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ള്‍, അ​രു​മ​പ്പ​ക്ഷി​ക​ള്‍, ഓ​മ​ന മൃ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ​രി​പാ​ല​ന​ത്തി​ലെ നൂ​ത​ന സ​ങ്കേ​ത​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക്ലാ​സു​ക​ള്‍.
ജി. ​എ​സ്. ജ​യ​ലാ​ല്‍ എം​എ​ല്‍എ ​ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഭ​ക്ഷ്യോ​ദ്പാ​ദ​ന​ത്തി​ല്‍ മു​ന്നേ​റാ​ന്‍ കാ​ല​ത്തി​നൊ​ത്ത പ​ദ്ധ​തി​ക​ളാ​ണ് വേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ലും മു​ട്ട​യും ഇ​റ​ച്ചി​യു​മൊ​ക്കെ സ​മൃ​ദ്ധ​മാ​യി ഉ​ണ്ടാ​ക്കു​ന്ന ഫാ​മു​ക​ള്‍ വി​ജ​യി​ക്ക​ണ​മെ​ങ്കി​ല്‍ ശാ​സ്ത്ര​വും നാ​ട്ട​റി​വു​ക​ളും സ​മ​ന്വ​യി​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ആ​ദി​ച്ച​ന​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം രേ​ഖ എ​സ്. ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​യാ​യി. പ​രീ​ശീ​ല​ന കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഡി. ഷൈ​ന്‍ കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ ഡോ. ​കെ. എ​സ്. സി​ന്ധു, ഡോ. ​എ. എ​ല്‍. അ​ജി​ത്, ഡോ.​നീ​ന സോ​മ​ന്‍, ഡോ. ​ഷ​മീ​മ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.