കൊല്ലം: ജില്ലയില്‍ കാലവര്‍ഷത്തെ തുടര്‍ന്നുള്ള അപകടങ്ങളെ പ്രതിരോധിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ജാഗ്രതയോടെയുള്ള തയാറെടുപ്പുകള്‍ അനിവാര്യമാണെന്ന് മന്ത്രി മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന മഴക്കെടുതി അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നിലവിലെ സാഹചര്യം നേരിടുന്നതിന് ജില്ല പൂര്‍ണ സജ്ജമാണ്. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിച്ചു വകുപ്പുതല മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. പോലീസ്, ആരോഗ്യം, വൈദ്യുതി, ഫയര്‍ ഫോഴ്സ്, റവന്യൂ, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ കൃത്യമായ ഏകോപന ത്തിലൂടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആസൂത്രണം ചെയ്തു നടപ്പിലാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ജില്ലയില്‍ നിലവില്‍ മഞ്ഞ അലര്‍ട്ട് ആണ് ഉള്ളത്. പള്ളിക്കല്‍, ഇത്തിക്കര, കല്ലട ആറുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. 149 ക്യാമ്പുകള്‍ സജ്ജമാണ്. മോക്ഡ്രില്‍ ഉള്‍പ്പെടെയുള്ള തയാറെടുപ്പുകളും വകുപ്പുതല പ്രവര്‍ത്തനങ്ങളും നേരത്തെ തുടങ്ങിയതായും ജില്ലാ കളക്ടര്‍ പറഞ്ഞു. ക്വാറികളുടെ പ്രവര്‍ത്തനം, മണലെടുപ്പ് എന്നിവ നിര്‍ത്തലാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്കി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വകുപ്പുതലത്തില്‍ പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും. പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അറിയിക്കണം. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ഓറഞ്ച് ബുക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി വകുപ്പുകള്‍ക്ക് കൈമാറും. കളക്ടര്‍ അറിയിച്ചു.
പോലീസിന്റെ നേതൃത്വത്തില്‍ സ്പെഷല്‍ ബ്രാഞ്ച് ഓഫീസ് കേന്ദ്രീകരിച്ച് ജില്ലാതല കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി ടി.നാരായണന് പറഞ്ഞു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തീരദേശ പോലീസ് പട്രോളിങ്, കടലോര ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ എന്നിവ ശക്തമാക്കിയിട്ടുണ്ട്. കടലാക്രമണ സാധ്യതയുള്ള അഴീക്കല്‍, പരവൂര്‍, താന്നി, പൊഴിക്കര, തെക്കുംഭാഗം മേഖലകളില്‍ പ്രത്യേക ശ്രദ്ധ ഏര്‍പ്പെടുത്തി.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വിവിധ വകുപ്പുകള്‍ യോഗത്തില്‍ വിശദീകരിച്ചു. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ എല്ലാ സ്റ്റേഷനുകളിലും കണ്ട്രോള് റൂം തുടങ്ങി. അപകട സാധ്യതയുള്ളതായി കണ്ടെത്തിയ മരങ്ങള്‍ ഫയര്‍ഫോഴ്സ്, വനം വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ മുറിച്ചു മാറ്റി.
മഴക്കാലരോഗങ്ങള്‍, കൊതുകുജന്യ രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതിന് ആവശ്യമായ സംവിധാനം ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. മരുന്നുകള്‍, ബ്ലീച്ചിങ് പൗഡര്‍, ഒആര്‍എസ് എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തി. വെള്ളക്കെട്ടുള്ള മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്കി. സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കും. സ്കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ജാഗ്രതാസമിതികള്‍ രൂപീകരിച്ചു. ആരോഗ്യ കേരളം, ശുചിത്വമിഷന്, ഹരിത കേരളം തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജലസ്രോതസുകള്‍ വൃത്തിയാക്കി വരികയാണ്. 1230 കിണറുകള്‍ ശുചീകരിച്ചു. ദുരിതാശ്വാസക്യാമ്പുകളിലെ ശുചിത്വവും ഉറപ്പുവരുത്തിയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ മൃഗങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് നിര്‍ദേശം നല്‍കുകയും മരുന്നുകള്‍ ലഭ്യമാക്കുകയും ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.