സ്പെ​ഷലി​സ്റ്റ് അ​ധ്യാ​പ​ക​ര്‍ ക​‌‌ടുത്ത അ​വ​ഗ​ണ​ന​യി​ൽ
Sunday, September 15, 2019 11:05 PM IST
പ​ത്ത​നാ​പു​രം: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​മെ​ന്ന പേ​രി​ല്‍ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മാ​റ്റം വ​രു​ത്താ​നു​ള്ള ശ്ര​മം ന​ട​ക്കു​മ്പോ​ഴും സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​ര്‍ നേ​രി​ടു​ന്ന​ത് ക​ന​ത്ത അ​വ​ഗ​ണ​ന.
25200 രൂ​പ​യാ​യി​രു​ന്ന മാ​സ​ശ​മ്പ​ളം ഒ​റ്റ​യ​ടി​യ്ക്ക് 7000 രൂ​പ​യാ​യി കു​റ​ച്ചി​രി​ക്കു​ക​യാ​ണ്. ക​ല, കാ​യി​ക, പ്ര​വൃ​ത്തി പ​രി​ച​യ വി​ഭാ​ഗ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രാ​ണ് സ്പെ​ഷ്യ​ലി​സ്റ്റ് അ​ധ്യാ​പ​ക​ര്‍. എ​സ്എ​സ്എ വ​ഴി​യാ​ണ് ഇ​വ​രെ നി​യ​മി​ച്ച​ത്.
എ​ന്നാ​ല്‍ ഇ​ത്ത​വ​ണ എ​സ് എ​സ് എ​യും രാ​ഷ്ട്രീ​യ മ​ധ്യ​മി​ക് ശി​ക്ഷാ അ​ഭി​യാ​നും യോ​ജി​പ്പി​ച്ച് സ​മ​ഗ്ര ശി​ക്ഷാ അ​ഭി​യാ​ന് രൂ​പം ന​ല്‍​കി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് ന​ല്‍​കി​യി​രു​ന്ന ഫ​ണ്ട് വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും ചെ​യ്തു.
സ​ര്‍​ക്കാ​ര്‍ യു​പി, ഹൈ​സ്കൂ​ളു​ക​ളി​ലാ​ണ് സ്പെ​ഷ്യ​ലി​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. ക​ലാ, കാ​യി​ക, പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​ക​ള്‍​ക്ക് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി പ​രി​ശീ​ലി​പ്പി​ച്ച് മേ​ള​ക​ളി​ല്‍ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തു ഇവരാണ്. 895 വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന​ത്ത് 2685 അ​ധ്യാ​പ​ക​രാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത്.
2016-17 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ലാ​ണ് ഏ​റെ​ക്കാ​ല​ത്തി​ന് ശേ​ഷം ഇ​ത്ത​രം അ​ധ്യാ​പ​ക​രെ എ​സ് എ​സ് എ ​വ​ഴി നി​യ​മി​ച്ച​ത്. ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത കാ​ര​ണം പ​റ​ഞ്ഞാ​ണ് ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ച്ച​ത്‌.
ഇ​തി​ല്‍ ത​ന്നെ അ​റു​പ​ത് ശ​ത​മാ​നം മാ​ത്ര​മാ​ണ് കേ​ന്ദ്രം ന​ല്‍​കു​ന്ന​ത്. ബാ​ക്കി 2800രൂ​പ സം​സ്ഥാ​നം ന​ല്‍​ക​ണം.
ഇ​തി​ന് പു​റ​മേ ഏ​ഴാ​യി​രം രൂ​പ കൂ​ടി സം​സ്ഥാ​നം ന​ല്‍​കി പ്ര​തി​മാ​സം പ​തി​നാ​ലാ​യി​രം രൂ​പ ഇ​വ​ര്‍​ക്ക് ന​ൽ​കാ​മെ​ന്ന് സം​സ്ഥാ​നം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.