പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക്
Wednesday, August 5, 2020 10:46 PM IST
പുനലൂർ: ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മേ​കി പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്സ് ആ​ശു​പ​ത്രി രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക്. ആ​ധു​നി​ക ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ പു​തി​യ കെ​ട്ടി​ടം ഈ മാസം അ​വ​സാ​ന​ത്തോ​ടെ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​കും. 2,20,000 ച​തു​ര​ശ്ര അ​ടി​യി​ല്‍ 10 നി​ല​ക​ളി​ലാ​യി പൂ​ര്‍​ത്തി​യാ​കു​ന്ന കെ​ട്ടി​ട​ത്തി​നും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ള്‍​ക്കു​മാ​യി 68.19 കോ​ടി രൂ​പ​യാ​ണ് കി​ഫ്ബി വ​ഴി അ​നു​വ​ദി​ച്ച​ത്.
ഫി​സി​യോ​ള​ജി, ഓ​ഡി​യോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി തു​ട​ങ്ങി വി​വി​ധ ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളും ഏ​ഴ് ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റു​ക​ളും പു​തി​യ കെ​ട്ടി​ട​ത്തി​ലു​ണ്ട്. പോ​സ്റ്റു​മോ​ര്‍​ട്ടം റൂ​മും, എ​ക്‌​സ് റേ, ​എംആ​ര്‍ഐ, ​സിടി ​സ്‌​കാ​ന്‍, ദ​ന്ത​ല്‍ എ​ക്‌​സ്-​റേ, ബ്ല​ഡ് ബാ​ങ്ക്, ലാ​ബ്, പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റ് എ​ന്നി​വ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​റ് ലി​ഫ്റ്റു​ക​ള്‍, ശു​ചീ​ക​ര​ണ സം​വി​ധാ​നം, മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റ്, അ​ഗ്‌​നി​ര​ക്ഷാ സം​വി​ധാ​നം, മൂ​ന്ന് ജ​ന​റേ​റ്റ​റു​ക​ള്‍ എ​ന്നി​വ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ കേ​ര​ള ലി​മി​റ്റ​ഡി​നാ​ണ് നി​ര്‍​വ​ഹ​ണ ചു​മ​ത​ല.
ജി​ല്ലാ കാ​ന്‍​സ​ര്‍ കെ​യ​ര്‍ സെ​ന്‍റ​ര്‍, അ​മ്മ​യ്ക്കും കു​ഞ്ഞി​നു​മു​ള്ള ആ​ശു​പ​ത്രി എ​ന്നി​വ​യും പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പു​തി​യ കെ​ട്ടി​ടം പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​തോ​ടെ അ​ത്യാ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് കൂ​ടി പ്രാ​പ്യ​മാ​കു​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ര്‍. ഷാ​ഹി​ര്‍​ഷ പ​റ​ഞ്ഞു.