പത്തനംതിട്ട: ആദിവാസി മേഖലകളിൽ താമസിക്കുന്ന കുട്ടികൾക്ക് സമൂഹവുമായി സംവദിക്കാനുള്ള അവസരം ഒരുക്കികൊടുക്കണമെന്ന് കെ.യു. ജനീഷ്കുമാർ എംഎൽഎ. മന്ത്രി കെ. രാധാകൃഷ്ണന്റെ നിർദേശപ്രകാരം സീതത്തോട് ആങ്ങമൂഴി മേഖലകളിലെ ആദിവാസികളുടെ പുനരധിവാസത്തെ സംബന്ധിച്ചുള്ള റിപ്പോർട്ട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസികൾക്ക് പുറംലോകം പരിചയപ്പെടുത്തുന്നതിനും വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ സാധ്യതകളെ സംബന്ധിച്ച് ബോധവത്കരിക്കുന്നതിനും എംഎൽഎ നിർദേശങ്ങൾ നൽകി. മൂഴിയാർ പവർഹൗസിനോട് ചേർന്നുള്ള ഒഴിഞ്ഞു കിടക്കുന്ന കഐസ്ഇബി ക്വാർട്ടേഴ്സുകളിൽ ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കാൻ കഐസ്ഇബിക്ക് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ നിർദേശം നൽകി.
ആദിവാസി മേഖലകളിലെ പ്രവർത്തനങ്ങളെ കുറിച്ച് വിവിധ വകുപ്പുകൾ യോഗത്തിൽ വിശദീകരിച്ചു. മൂഴിയാറിലും സീതത്തോടും താമസിക്കുന്ന ആദിവാസി ജനങ്ങൾക്ക് ആധാറില്ലാത്ത കാരണത്താൽ ബാങ്ക് അക്കൗണ്ട് എടുക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകരുതെന്നും ആധാറില്ലാത്തവർക്ക് അതിനുള്ള സൗകര്യമൊരുക്കി കൊടുക്കണമെന്നും കളക്ടർ നിർദേശിച്ചു.
കൂടാതെ, ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ആദിവാസി ഊരുകളിലെ കുട്ടികൾക്കായി ബാങ്ക് ജോലി ലഭിക്കുന്നതിനുള്ള പരിശീലനം നടത്താനും യോഗത്തിൽ തീരുമാനമായി. കോവിഡ് സാഹചര്യത്തിൽ ക്ലാസുകൾ ഓണ്‍ലൈനായിട്ടായിരിക്കും നടത്തുക. എല്ലാവർക്കും ഓണ്‍ലൈൻ ക്ലാസിൽ കയറുക പ്രാവർത്തികമല്ലാത്തതിനാൽ കുട്ടികളെ ഒരിടത്ത് എത്തിച്ച് ക്ലാസ് ഒരുമിച്ച് നടത്തും. ടിപിആർ കുറയുന്ന മുറയ്ക്ക് അന്‍പതു പേരെ വച്ച് ക്ലാസുകൾ നടത്താമെന്നും യോഗത്തിൽ തീരുമാനമായി. കോച്ചിംഗ് ക്ലാസ് നടത്തുന്നതിന് മുന്‍പ് അതിന്റെ ആവശ്യകതയെ കുറിച്ചുള്ള ഒരു ബോധവത്കരണക്ലാസ് നടത്തണമെന്നും കളക്ടർ നിർദേശിച്ചു. ബാങ്ക് ജോലിക്ക് 28 വയസാണ് വേണ്ടത്. എന്നാൽ ആദിവാസി ഗ്രൂപ്പിലുള്ളവർക്ക് അഞ്ച് വയസ് വരെ ഇളവുണ്ട്. അങ്ങനെ നോക്കുന്പോൾ 31 വയസുള്ളവരെ വരെ ഉൾപ്പെടുത്താൻ സാധിക്കുമെന്ന് ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ് പറഞ്ഞു. കുട്ടികൾ സ്കൂളുകളിൽ കൃത്യമായി എത്തുന്നുണ്ടോയെന്ന് അറിയാനുള്ള പരിശോധനകൾ, വിമുക്തിയുമായി ചേർന്ന് ലഹരി ഉപയോഗത്തിനെതിരേ ബോധവത്ക്കരണം, കുട്ടികളെ കൃത്യമായി എത്തിക്കുന്നതിനായി വാഹന സൗകര്യം, ഉച്ചഭക്ഷണം, മെഡിക്കൽ ക്യാന്പുകൾ, വിതരണം ചെയ്യുന്ന ഹെൽത്ത് മിക്സുകൾ കൃത്യമായി കഴിക്കുന്നുണ്ടോയെന്ന് അറിയാനുള്ള പരിശോധന എന്നിവ നടത്തണമെന്ന് അതത് വകുപ്പുകൾക്ക് കളക്ടർ നിർദേശം നൽകി.
അസിസ്റ്റന്റ് കളക്ടർ സന്ദീപ് കുമാർ, ജില്ലാ ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ എസ്.എസ്. സുധീർ, ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ്, ട്രൈബൽ വകുപ്പ്, കഐസ്ഇബി, പഞ്ചായത്ത്, വനംവകുപ്പ്, കുടുംബശ്രീ, ആരോഗ്യവകുപ്പ് പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ തുടങ്ങി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ പങ്കെടുത്തു.