പത്തനംതിട്ട: മലയോര കർഷകരുടെ ജീവിതം തകർത്തെറിയുന്ന പരിസ്ഥിതി ലോലം, ബഫർ സോൺ തീരുമാനങ്ങൾ പിൻവലിക്കുന്നതിന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ചിന് പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും.
രാവിലെ 10 ന് തുമ്പമൺ ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലെയും ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് അബാൻ ജംഗ്ഷനിൽ നിന്നും പ്രതിഷേധ പ്രകടനം ആരംഭിക്കുമെന്ന് ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചു. തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലീമിസ് ആമുഖപ്രഭാഷണം നടത്തും.
മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ്, ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോർജ്, ഓർത്തഡോക്സ് യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. അജി തോമസ്, വി.ഇ. മാത്യൂസ് കോർ എപ്പിസ്കോപ്പ, കിഫ സംസ്ഥാന ലീഗൽ സെൽ കൺവീനർ ജോണി കെ. ജോർജ് എന്നിവർ പ്രസംഗിക്കും.
സുപ്രീംകോടതി വിധിയേ തുടർന്ന് ബഫർ സോൺ നിയന്ത്രണങ്ങളിൽ ജനവാസമേഖലയെ ഒഴിവാക്കുക, മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, വന്യമൃഗങ്ങളിൽ നിന്നുള്ള സംരക്ഷണം, കർഷകർ നട്ടുവളർത്തുന്ന വൃക്ഷങ്ങൾ അവർക്ക് വെട്ടി ഉപയോഗിക്കാനുള്ള അവകാശം നൽകുക തുടങ്ങി മലയോര കർഷകർ നേരിടുന്ന വിഷയങ്ങൾ സമരത്തിൽ ഉന്നയിക്കുമെന്നും ഭദ്രാസന സെക്രട്ടറി പറഞ്ഞു.
മലയോരമേഖലകളിലെ വിവിധ സമുദായങ്ങളിൽപെട്ട മുഴുവൻ ജനങ്ങളേയും സംഘടിപ്പിച്ചുകൊണ്ട് തുടർ സമരപരിപാടികൾക്ക് നേതൃത്വം നൽകും. ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി, പാർലമെന്ററി സമിതി, സുപ്രീം കോടതിയുടെ സിയുസി കൗൺസിൽ, സംസ്ഥാന സർക്കാർ തുടങ്ങിയ തുടങ്ങിയവർ മുമ്പാകെ മലയോര മേഖലയിലെ മുഴുവൻ ജനങ്ങളും ഒപ്പിട്ട ഭീമഹർജി സമർപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ബന്ധപ്പെട്ട കേസിൽ കക്ഷി ചേരുന്നതടക്കമുള്ള വിഷയങ്ങളും പരിഗണിച്ചുവരികയാണ്.
ഭദ്രാസന കൗൺസിൽ അംഗം ഫാ. കെ.ജി. മാത്യു, സമരസമിതി കൺവീനർ ഫാ. പി.വൈ. ജസൻ, സാമുവേൽ കിഴക്കേതിൽ, ഷാജി ശങ്കരത്തിൽ, ജോയിക്കുട്ടി ചേടിയത്ത്, മാത്യു ഏബ്രഹാം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.