വിധവയെയും മക്കളെയും വീടുകയറി മര്‍ദിച്ചതായി പരാതി
1573669
Monday, July 7, 2025 3:41 AM IST
തിരുവല്ല: വിധവയെയും മക്കളെയും വീടു കയറി മര്‍ദിച്ചതായി പരാതി. വെസ്റ്റ് ഓതറ പാണ്ടത്തറയില് ത്രേസ്യാമ്മ വര്‍ഗീസാണ് (65) പരാതിക്കാരി. കഴിഞ്ഞ നാലിന് വൈകുന്നേരം ആറോടുകൂടി ബൈക്കില്‍ എത്തിയ ആറംഗ സംഘം ത്രേസ്യാമ്മയേയും മക്കളായ ജോണ്‍ പി. വര്‍ഗീസ് ( 43 ), റെന്നി പി. വര്‍ഗീസ് (41) എന്നിവരെ മര്‍ദിച്ച് അവശരാക്കുകയായിരുന്നു.
മദ്യപിച്ച് എത്തിയ സംഘം ത്രേസ്യാമ്മയെ കാല് മടക്കി അടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്നും തടസം പിടിക്കാന്‍ ചെന്ന രണ്ട് ആണ്മക്കളേയും ഇവര്‍ മര്‍ദിച്ച് അവശരാക്കുകയും ജോണിന്റെ തലയ്ക്ക് ഹെല്‍മറ്റുകൊണ്ട് അടിക്കുകയും റെന്നിയുടെ ഇടത് കൈ ചവിട്ടി ഒടിക്കുകയും ചെയ്തുവെന്നും പോലീസിനു നല്കിയ പരാതിയില്‍ പറഞ്ഞു.
ഇവര്‍ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ വീടിന് അടുത്തുള്ള കാഞ്ഞരത്താംമൂട് സെമിത്തേരിക്ക് സമീപം സാമൂഹ്യ വിരുദ്ധര്‍ സംഘടിച്ച് ബഹളമുണ്ടാക്കുക പതിവായിരുന്നു. ഇതു സംബന്ധിച്ച് നാട്ടുകാര്‍ അധികൃതര്‍ക്ക് നല്കിയ പരാതിയില്‍ ഈ വീട്ടുകാരും ഒപ്പിട്ടിരുന്നു. അതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു.