ഉന്നത വിജയം നേടിയ ഭിന്നശേഷി കുട്ടികള്‍ക്ക് ആദരം
1573679
Monday, July 7, 2025 3:53 AM IST
പത്തനംതിട്ട: 2024-25 അധ്യയന വര്‍ഷം പത്താം ക്ലാസില്‍ മികച്ച വിജയം കൈവരിച്ച ഭിന്നശേഷി കുട്ടികള്‍ക്ക് ആദരം അര്‍പ്പിക്കാന്‍ കളക്ടറേഴ്സ് റസിലിയന്‍സ് ആന്‍ഡ് എക്സലന്‍സ് അവാര്‍ഡ്. ഓമല്ലൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
ഓരോ വിദ്യാര്‍ഥിയ്ക്കും വ്യത്യസ്തമായ അഭിരുചിയുണ്ട്. ഭിന്നശേഷി കുട്ടികളെ വിദ്യാഭ്യാസത്തിലും കലയിലും മുന്‍പന്തിയില്‍ എത്തിക്കാന്‍ പ്രയത്നിക്കുന്ന മാതാപിതാക്കളും അധ്യാപകരും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. ഇക്കാര്യത്തില്‍ ബഡ്സ് വിദ്യാലയങ്ങളുടെ പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.
ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന് അധ്യക്ഷത വഹിച്ചു. പരിമിതിക്കുള്ളില്‍ നിന്ന് ഉന്നത വിജയം നേടിയ കുട്ടികളെ ചേര്‍ത്തു പിടിക്കണമെന്ന ആശയത്തില്‍ നിന്നാണ് അവാര്‍ഡിന് തുടക്കമായതെന്ന് അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പുകള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാൽ, തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി. ആർ. അനില, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ. ഷംലാബീഗം തുടങ്ങിയവര്‍ പ്രസംഗിച്ചു.