ജനറൽ ആശുപത്രി കെട്ടിടം ബലപ്പെടുത്തൽ വൈകിപ്പിച്ചത് കോൺഗ്രസെന്ന്
1573286
Sunday, July 6, 2025 3:41 AM IST
പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ ബി ആൻഡ് സി ബ്ലോക്കിന്റെ അറ്റകുറ്റപ്പണികൾ വൈകിപ്പിച്ചത് കോൺഗ്രസാണെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തി. എച്ച്എംസി യോഗത്തിൽ ആശുപത്രി മാറ്റത്തെ സംബന്ധിച്ച തീരുമാനം എടുക്കാൻ തടസമുണ്ടാക്കിയത് അനാവശ്യമായി യോഗത്തിൽ കടന്നുകയറിയ കോൺഗ്രസ് അംഗമാണ്.
എംപിയുടെ പ്രതിനിധിയെന്ന പേരിൽ എത്തിയ ഇയാൾക്ക് യോഗത്തിൽ പങ്കെടുക്കാനാകുമായിരുന്നില്ല. ബി ആൻഡ് സി ബ്ലോക്കിലെ സംവിധാനങ്ങൾ കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനെ കോൺഗ്രസ് എതിർക്കുകയായിരുന്നു.
ആശുപത്രി സംവിധാനങ്ങൾ മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് വൈകാതെ ഇറങ്ങുമെന്നും എൽഡഎഫ് നേതാക്കൾ പറഞ്ഞു. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസൗകര്യങ്ങൾ രോഗികൾ മനസിലാക്കണം. എന്നാൽ മെഡിക്കൽ കോളജിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്നും എൽഡിഎഫ് നേതാക്കൾ പറയുന്നു.
ജനറൽ ആശുപത്രി സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ ബദൽ നിർദേശങ്ങളുണ്ടായെങ്കിലും പ്രായോഗികമായിരുന്നില്ല. പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളജിന്റെ പ്രശ്നങ്ങൾ പരിഹരിച്ച് അനുമതി ഉറപ്പാക്കും. കോഴ്സ് ആരംഭിച്ച സർക്കാരിനു കുട്ടികൾക്ക് അനുമതി വാങ്ങി നൽകാനും ബാധ്യതയുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.
നഴ്സിംഗ് കോളജ് കുട്ടികളെ കോന്നി മെഡിക്കൽ കോളജിൽ ക്ലിനിക്കൽ പഠനത്തിനെത്തിക്കാൻ കെഎസ്ആർടിസി യാത്രാസൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. എംഎൽഎയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് കോളജിന് ബസ് വാങ്ങി നൽകും. ക്ലാസ് മുറികൾ കൂടുതൽ അടിസ്ഥാന സൗകര്യങ്ങളോടെ മാറ്റുന്നതിനും തീരുമാനമായിട്ടുണ്ടെന്ന് രാജു ഏബ്രഹാം പറഞ്ഞു.
പത്തനംതിട്ട ജനറൽ ആശുപത്രിയുടെ നിയന്ത്രണാധികാരം നഗരസഭയിൽനിന്നു ജില്ലാ പഞ്ചായത്തിനെ ഏല്പിച്ചതുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ തർക്കമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.