വിദ്യാലയ വിശേഷങ്ങളുമായി ലൂസി ടീച്ചറുടെ കത്ത് തപാലിൽ എത്തും
1572594
Friday, July 4, 2025 3:48 AM IST
മൈലപ്ര: നവമാധ്യമങ്ങളും സ്കൂൾ, ക്ലാസ് ഗ്രൂപ്പുകളുമൊക്കെ സജീവമാണെങ്കിലും കുട്ടികളും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താനായി ലൂസി ടീച്ചർ കത്ത് എഴുതുകയാണ്. മൈലപ്ര എസ്എച്ച് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി ചുമതലയേറ്റതിനു പിന്നാലെയാണ് വിദ്യാലയ വിശേഷങ്ങൾ ഉൾക്കൊള്ളിച്ച് എം. ലൂസി കത്ത് തയാറാക്കി തുടങ്ങിയത്. പത്താം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കാണ് ആദ്യഘട്ടത്തിൽ കത്തുകൾ അയയ്ക്കുന്നത്.
അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും കുട്ടികളുടെ മാനസിക, ശാരീരിക വളർച്ചയ്ക്കൊപ്പം ബോധന നിലവാരം വളർത്തിയെടുത്ത് മൊബൈൽ ഗെയിമുകളിൽ നിന്നും ലഹരി ഉത്പന്നങ്ങളിൽ നിന്നും കുട്ടികളെ അകറ്റി നിർത്തുന്നതിനും കൂട്ടായ കൈകോർക്കൽ എന്ന സന്ദേശം കൂടി കത്തിന്റെ ഉള്ളടക്കത്തിലുണ്ട്. ശനിയാഴ്ച നടക്കുന്ന അധ്യാപക രക്ഷാകർത്തൃ യോഗത്തിലേക്കും രക്ഷിതാക്കളെ ക്ഷണിച്ചിരിക്കുകയാണ്.
കത്തുകളും ആശംസാ കാർഡുകളും പോസ്റ്റൽ വഴി കൈകളിൽ എത്തുമ്പോഴുണ്ടാകുന്ന സന്തോഷം നവ മാധ്യമ സന്ദേശങ്ങൾക്ക് നൽകാനാകില്ലെന്ന് ടീച്ചർ ചൂണ്ടിക്കാട്ടി. ഇൻലൻഡ് ഉപയോഗം കുറഞ്ഞിരിക്കുന്ന കാലഘട്ടത്തിൽ പോസ്റ്റ് ഓഫീസിൽ അധികഎണ്ണം ലഭിക്കാൻ തന്നെ ബുദ്ധിമുട്ടുണ്ട്. 2.50 രൂപയാണ് ഇപ്പോഴത്തെ വില. 220 കത്തുകളാണ് ആദ്യഘട്ടത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സ്കൂൾ വിശേഷങ്ങൾ ഇൻലൻഡ് കത്തിലൂടെ വീടുകളിലെത്തുന്നത് കത്തുകളുടെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള പ്രേരണ കൂടിയാകുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ രീതി പിന്തുടർന്നാൽ നന്നാകും എന്ന വിശ്വാസം കൂടി ലൂസി ടീച്ചർ പങ്കിടുന്നു.