സണ്ണി സാറിന്റെ സ്മരണയ്ക്ക് അടനയന്പ് കുടുംബത്തിനു കൈമാറി പള്ളിയോടം കരക്കാർ
1572123
Wednesday, July 2, 2025 3:27 AM IST
കോഴഞ്ചേരി: പമ്പാനദിയില്‍ വീണ് അപകട മരണം സംഭവിച്ച അമരക്കാരനെ സ്മരിച്ച് പള്ളിയോട കരയോഗം. അപകടം സംഭവിക്കുമ്പോള്‍ പിടിച്ചിരുന്ന അടനയമ്പ് മനോഹരമാക്കി കുറിയന്നൂര്‍ പള്ളിയോട ഭാരവാഹികള്‍ കുടുംബത്തിന് കൈമാറി.
2024ലെ അഷ്ടമി രോഹിണി വള്ളസദ്യയില്‍ കുറിയന്നൂര്‍ പള്ളിയോടത്തിന്റെ അടനയന്പുകാരനായി എത്തിയതായിരുന്നു കുറിയന്നൂര്‍ മാര്‍ത്തോമ്മ ഹൈസ്കൂള്‍ അധ്യാപകന് കൂടി ആയിരുന്ന തോട്ടത്ത്മഠത്തില് തോമസ് ജോസഫ് (സണ്ണി - 55). ആറന്മുള ക്ഷേത്രക്കടവിലേക്ക് പള്ളിയോടം അടുപ്പിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ആറന്മുള ഉത്രട്ടാതി ജലമേളയില്‍ തോമസ് ജോസഫിന്റെ സ്മരണാർഥം കുറിയന്നൂര്‍ പള്ളിയോട കരയോഗം പ്രത്യേക ട്രോഫിയും ഏര്‍പ്പെടുത്തുന്നുണ്ട്. പള്ളിയോടകരയോഗം സെക്രട്ടറി സഞ്ജീവ് കുമാറില്‍ നിന്നും ജോസഫ് തോമസിന്റെ പിതാവ് ടി.എ.ജോസഫ് അടനയമ്പ് ഏറ്റുവാങ്ങി.
പള്ളിയോട കരയോഗം ഭാരവാഹികളായ വിജയകുമാര്‍ ആര്യാട്ടയിൽ, രതീഷ്കുമാര്‍ കൊച്ചുപുരയ്ക്കല്‍, പ്രശാന്ത് ആർ. നായര്‍, ഗോവിന്ദ് മഠത്തിൽ, അഭിജിത്ത്, വിമല്‍ ആര്യാട്ടയിൽ, അനില്‍കുമാര്‍, രാജീവ് കാക്കുറുമ്പില് അജിതാകുമാരി, തങ്കമ്മ മോഹന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.