തോമാശ്ലീഹ വിശ്വാസികൾക്ക് പ്രതീക്ഷ പകർന്നു: മാർ ജോസ് പുളിക്കൽ
1572114
Wednesday, July 2, 2025 3:27 AM IST
നിലയ്ക്കൽ: വെല്ലുവിളികളുടെ മധ്യത്തിലും ധൈര്യപൂർവം മുന്നോട്ടു നീങ്ങാനുള്ള പ്രതീക്ഷയും പ്രത്യാശയുമാണ് തോമാശ്ലീഹയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.
നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ ദുക്റാനാ തിരുനാൾ ആചരണത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ജീവിതം മുഴുവൻ ദൈവത്തിനു വിട്ടുകൊടുത്തുകൊണ്ടാണ് തോമാശ്ലീഹ ജീവിച്ചത്. ദൈവത്തിലുള്ള ആഴമായ വിശ്വാസം ഉണ്ടായിരുന്നതിനാലാണ് അവനോടുകൂടി നമുക്കും മരിക്കാമെന്ന് പ്രഘോഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് ബിഷപ് ചൂണ്ടിക്കാട്ടി.
കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികരുടെ സഹകാർമികത്വത്തിലാണ് ദിവ്യബലി അർപ്പിച്ചത്. ഇന്നു രാവിലെ 6.30ന് ഓർത്തഡോക്സ് സഭയുടെ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തയും ഒന്പതിന് മാർത്തോമ്മ സഭയുടെ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയും വിശുദ്ധ കുർബാന അർപ്പിക്കും.
12ന് സിഎസ്ഐ ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ആരാധനയ്ക്കു നേതൃത്വം നൽകും. ദുക്റാനാ തിരുനാളിനോടനുബന്ധിച്ച് നാളെ രാവിലെ ബിഷപ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് കുർബാനയ്ക്ക് കാർമികത്വം വഹിക്കും. തുടർന്ന് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസിനെ ആദരിക്കും.