പുഷ്പഗിരി - ആമല്ലൂർ - മാർത്തോമ്മ കോളജ് റോഡ് തകർച്ചയിൽ
1572125
Wednesday, July 2, 2025 3:32 AM IST
തിരുവല്ല: നഗരസഭയിലെ പുഷ്പഗിരി - ആമല്ലൂർ - മാർത്തോമ്മ കോളജ് റോഡ് തകർച്ചയിൽ. നഗരസഭയുടെ ഒന്പത്, പത്ത് വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണിത്. വർഷങ്ങൾക്ക് മുമ്പ് ടാർ ചെയ്ത റോഡ് പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടതോടെ മഴക്കാലത്ത് ഗതാഗത യോഗ്യമല്ലാതെയായി. ചെളിവെള്ളം ഒഴുകിപ്പോകാൻ ഓടയുമില്ല.
കാൽനടക്കാർക്ക് റോഡിലേക്കു പ്രവേശിക്കാൻ പോലുമാകാത്ത സ്ഥിതിയാണ്. മഴക്കാലത്ത് റോഡ് തോടിനു സമാനമാണ്. കാലാകാലങ്ങളിൽ നഗരസഭ അറ്റകുറ്റപ്പണി നടത്താതെ വന്നതോടെയാണ് തകർച്ച പൂർണമായത്.
ടികെ റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് തിരുവല്ല ടൗണിൽ പ്രവേശിക്കാതെ മല്ലപ്പള്ളിക്ക് റോഡിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും ബിലീവേഴ്സ് ആശുപത്രിയിലേക്കും മെഡിക്കൽ മിഷൻ ആശുപത്രിയിലേക്കും തിരക്കില്ലാതെ പ്രവേശിക്കാനുള്ള എളുപ്പമാർഗം കൂടിയാണിത്. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.
റോഡിലെ കുഴികളിൽ വീണ് അപകടങ്ങളും പതിവാണ്. റോഡിന്റെ തകർച്ച കാരണം ഓട്ടോറിക്ഷ, ടാക്സി വാഹനങ്ങൾ വരാൻ മടിക്കുന്നതായും പ്രദേശവാസികൾ പറയുന്നു.